18 September Wednesday

വിശ്വസ്തരായ പ്രവർത്തകരെ മാറ്റിനിർത്തുന്നു; ഹരിയാനയിലെ മുതിർന്ന നേതാവ്‌ ബിജെപി വിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

photo credit:X

ചണ്ഡീഗഡ് > ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കിനിൽക്കെ, ബിജെപിക്ക് മറ്റൊരു തിരിച്ചടിയായി, സംസ്ഥാന  വൈസ് പ്രസിഡന്റ്‌ സന്തോഷ് യാദവ്‌ പാർടി വിട്ടു.  സംഘടനയോട് വിശ്വസ്തത പുലർത്തുന്നവരേക്കാൾ സംഘടനയ്‌ക്കായി ഒരിക്കലും പ്രവർത്തിക്കാത്ത നേതാക്കൾക്കാണ്  മുൻഗണന നൽകുന്നതെന്ന് ആരോപിച്ചായിരുന്നു ബിജെപിയിൽ നിന്നും പുറത്ത്‌ പോയത്‌ .

ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി പ്രഖ്യാപിച്ച രണ്ട് സ്ഥാനാർത്ഥി പട്ടികയിലും ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ്‌ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സന്തോഷ് യാദവിന്റെ രാജി.

അറ്റെലി നിയമസഭാ സീറ്റിൽ നിന്ന്‌ മത്സരിക്കാൻ സന്തോഷ്‌ യാദവ് ആഗ്രഹിച്ചിരുന്നു. എന്നാൽ  കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്ങിന്റെ മകൾ ആരതി സിംങ് റാവുവിനാണ്‌ ബിജെപി ഈ സീറ്റ്‌ അനുവദിച്ചത്‌. പാർടിയോടുള്ള തന്റെ അർപ്പണബോധം അചഞ്ചലമാണെന്നും എല്ലാ സാഹചര്യങ്ങളിലും താൻ അതിന്റെ തത്വങ്ങളും നയങ്ങളും പാലിച്ചിട്ടുണ്ടെന്നും ഹരിയാന ബിജെപി അധ്യക്ഷന് അയച്ച കത്തിൽ യാദവ്‌ പറഞ്ഞു.

പക്ഷേ, പാർടിക്ക്‌ വേണ്ടി താഴേത്തട്ടിൽ പോരാടുകയും, അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും, പാർടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകുകയും ചെയ്തവരെ ബിജെപി  അവഗണിക്കുകയാണെന്നും യാദവ്‌ പറഞ്ഞു. പാർടിയ്‌ക്കോ അവരുടെ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്കോ വേണ്ടി പ്രവർത്തിക്കാത്ത ആളുകൾക്ക് സീറ്റ്‌ നൽകിയത്‌ ദൗർഭാഗ്യകരമാണെന്നും, ഇത് പാർടി പ്രവർത്തകർക്കിടയിൽ നിരാശയും അതൃപ്തിയും പടർത്തുന്നുവെന്നും സന്തോഷ് യാദവ്‌ പറഞ്ഞു.

ഹരിയാനയിലെ ബിജെപിയുടെ വൈസ് പ്രസിഡന്റ്‌ ജി എൽ ശർമയും 250 ലധികം പ്രവർത്തകരും ഞായറാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. സെപ്തംബറിൽ പാർടിയിൽ ചേർന്ന ജനനായക് ജനതാ പാർടി വിമതനായ രാം കുമാർ ഗൗതമിനെ സഫിഡോൺ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ പാർടി തീരുമാനിച്ചതിനെത്തുടർന്ന് ഹരിയാന മുൻ മന്ത്രി ബച്ചൻ സിംഗ് ആര്യ ശനിയാഴ്ച ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.

ഊർജ്ജ  മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാല, സാമൂഹ്യനീതി സഹമന്ത്രി (സ്വതന്ത്ര ചുമതല) ബിഷംബർ സിംഗ് വാൽമീകി, എംഎൽഎ ലക്ഷ്മൺ നാപ എന്നിവർക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ആര്യയുടെ രാജി. പ്രധാന ഒബിസി നേതാവ് കരൺ ദേവ് കംബോജും ഇതേ കാരണത്താൽ ബിജെപിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചിരുന്നു. രഞ്ജിത് സിംഗ് ചൗട്ടാലയുടെ രാജി ഹരിയാനയിൽ ബിജെപിയെ തളർത്താനുള്ള സാധ്യത കൂടുതലാണ്‌.

ബിജെപിക്ക് ഇനി വിശ്വസ്തരായ അണികളെ ആവശ്യമില്ലെന്നും വർഷങ്ങളോളം കൂടെ നിന്നവരെ അവഗണിച്ചുകൊണ്ട് അടുത്തിടെ പാർടിയിൽ ചേർന്ന നേതാക്കൾക്കാണ്‌ ബിജെപി മുൻതൂക്കം നൽകുന്നതെന്നും ഇവർക്ക്‌ പാർടി പ്രതിഫലം നൽകുന്നുണ്ടെന്നും  കരൺ ദേവ് കംബോജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top