തിരുവനന്തപുരം
ചന്ദ്രനിലെത്തി ഒരു വർഷം തികയുമ്പോൾ ദക്ഷിണധ്രുവത്തിൽ കൂടുതൽ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തി ‘ചാന്ദ്രയാൻ 3 ദൗത്യ റോവർ’. ലാന്ററും റോവറും എടുത്ത കൂടുതൽ ചിത്രങ്ങൾ ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഐഎസ്‌ആർഒ പുറത്തുവിട്ടു.
പ്രഗ്യാൻ റോവറിലെ ആൽഫ പാർട്ടിക്കിൾ എക്സ്-റേ സ്പെക്ട്രോമീറ്റർ നിർണായക വിവരങ്ങൾ ലഭ്യമാക്കിയതായി ഐഎസ്‌ആർഒ അറിയിച്ചു. ചന്ദ്രന്റെ രൂപീകരണം, രാസഘടന എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് വഴിത്തിരിവാകുന്നവയാണ് ഈ വിവരങ്ങൾ. റോവർ ലഭ്യമാക്കിയ വിവരങ്ങൾ വിശകലനം ചെയ്ത അഹമ്മബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ പഠനം നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചു.
മഗ്നീഷ്യം, സിലിക്കൻ, ഇരുമ്പ്, കാത്സ്യം, മാംഗനീസ്, ക്രോമിയം, ടൈറ്റാനിയം, സൾഫർ തുടങ്ങിയ മൂലകങ്ങളുടെ വലിയ സാന്നിധ്യമാണ് തിരിച്ചറിഞ്ഞത്. മാഗ്‌മാ സിദ്ധാന്തം ശരിവയ്‌ക്കുന്ന കണ്ടെത്തലാണിതെന്നും പഠനം പറയുന്നു. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തമായ എയ്റ്റ്‌കെൻ തടത്തിൽ മൂലകങ്ങളുടെ സാന്നിധ്യം കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്.
കഴിഞ്ഞവർഷം ആഗസ്ത് 23ന് ദക്ഷിണ ധ്രുവത്തിലിറങ്ങിയ വിക്രം ലാന്ററിൽനിന്ന് പുറത്തിറങ്ങിയ റോവർ പത്തുദിവസമാണ് പര്യവേക്ഷണം നടത്തിയത്. 103 മീറ്റർ സഞ്ചരിച്ചാണ് റോവർ നിരവധി വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചത്. അത് പിന്നീട് പ്രവർത്തനം നിലച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..