23 December Monday

അഞ്ച്‌ വർഷം കഴിഞ്ഞിട്ടും നടപടിയില്ല ; മധ്യപ്രദേശ്‌ ജുഡീഷ്യറിയിലെ നിയമന തട്ടിപ്പിൽ 
അന്വേഷണം നിലച്ചു

പ്രത്യേക ലേഖകൻUpdated: Thursday Aug 22, 2024


ന്യൂഡൽഹി
പരീക്ഷാ ക്രമക്കേടുകളിലൂടെ നിയമബിരുദം നേടിയവർ മധ്യപ്രദേശിൽ ജഡ്‌ജിമാരായി ജോലി ചെയ്യുന്നുവെന്നുള്ള അന്വേഷണ കമീഷൻ റിപ്പോർട്ടിൽ അഞ്ച്‌ വർഷം കഴിഞ്ഞിട്ടും നടപടിയില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ്‌ ഹൈക്കോടതി നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ലെന്ന്‌ ‘ ദ കാരവൻ’ മാസിക റിപ്പോർട്ട്‌ ചെയ്‌തു. സംസ്ഥാനത്ത്‌ സർക്കാർ നിയമനങ്ങളിലും മെഡിക്കൽ കോളേജ്‌ പ്രവേശനങ്ങളിലും  നടന്ന വ്യാപം തട്ടിപ്പ്‌ മാതൃകയാണ്‌ നിയമമേഖലയിലും അരങ്ങേറിയത്‌. ഭോപാൽ നാഷണൽ ലോ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സർവകലാശാല(എൻഎൽഐയു)യിലെ അഞ്ച്‌ പൂർവ വിദ്യാർഥികളെങ്കിലും ഇത്തരത്തിൽ  ജുഡീഷ്യറിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്‌ മധ്യപ്രദേശ്‌ ഹൈക്കോടതി മുൻ ജഡ്‌ജി അഭയ്‌ കുമാർ ഗൊഹിൽ 2018ലാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.  നാഷണൽ ലോ ഇൻസ്‌റ്റിറ്റ്യൂട്ട്‌ യൂണിവേഴ്‌സിറ്റി 1998നും 2011നും മധ്യേ  176 പേർക്ക്‌ തട്ടിപ്പ്‌ മാർഗങ്ങളിലൂടെ അഞ്ച്‌ വർഷ എൽഎൽബി സർട്ടിഫിക്കറ്റ്‌ നൽകിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ശിവ്‌പുരി ജില്ലാ സെഷൻസ്‌ ജഡ്‌ജിയായി പ്രവർത്തിക്കുന്ന വിദാൻ മഹേശ്വരി, സബ്‌ കോടതികളിൽ ജഡ്‌ജിമാരായ ശിവ്‌രാജ്‌ സിങ്‌ ഗവാലി, പൂജാ സിങ്‌ മൗര്യ, പൂർണിമ ശ്യാം, തഥാഗത്‌ യാഗ്‌നിക്ക്‌ എന്നിവർ പരീക്ഷാതട്ടിപ്പ്‌ വഴി എൽഎൽബി നേടിയവരാണെന്നും വ്യക്തമാക്കിയിരുന്നു. പണം വാങ്ങി പരീക്ഷാഫലം തിരുത്താനും തോറ്റവരെ മാർക്ക്‌ കൂട്ടിയിട്ട്‌ ജയിപ്പിക്കാനും സർവകലാശാലയിൽ ഗൂഢസംഘം പ്രവർത്തിക്കുന്നു. ഓരോ പേപ്പറിനും വില പേശിയാണ്‌ പണം വാങ്ങുന്നത്‌. ഇത്തരത്തിൽ ബിരുദസർട്ടിഫിക്കറ്റ്‌ കൈവശപ്പെടുത്തിയവർക്ക്‌ ജഡ്‌ജിമാരായി നിയമനം കിട്ടിയത്‌ അന്വേഷിക്കണമെന്നും റിപ്പോർട്ട്‌ ശുപാർശ ചെയ്‌തിരുന്നു.

കോൺഗ്രസ്‌ ഭരണകാലത്താണ്‌ ഗൊഹിൽ റിപ്പോർട്ട്‌ നൽകിയത്‌. കോൺഗ്രസ്‌ നേതാക്കളായ ജിതേന്ദ്ര പട്‌വാരി, പി സി ശർമ എന്നിവർ എൻഎൽഐയു ഭരണസമിതി അംഗങ്ങളായിരുന്നു. 2020ൽ ബിജെപി ഭരണത്തിൽ വന്നിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ  ഹൈക്കോടതിയിൽ നാല്‌ ചീഫ്‌ ജസ്‌റ്റിസുമാരും രണ്ട്‌ ആക്ടിങ്‌ ചീഫ്‌ ജസ്‌റ്റിസുമാരും വന്നുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top