01 October Tuesday

മഹാരാഷ്ട്രയിലെ നാടൻ പശുക്കൾ ഇനി രാജ്മാത; പദവി നൽകി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

മുംബൈ > നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നാടൻ പശുവിന് "രാജ്മാത" പദവി നൽകി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ ഒപ്പിട്ട പ്രമേയത്തിലൂടെയാണ്‌ പശുക്കൾക്ക്‌ രാജ്മാത പദവി ലഭിച്ചത്‌. ഇന്ത്യൻ സമൂഹത്തിൽ പശുവിന്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

"വേദകാലം മുതലുള്ള ഇന്ത്യൻ സംസ്‌കാരത്തിൽ നാടൻ പശുവിനുള്ള സ്വാധീനം, മനുഷ്യന്റെ ഭക്ഷണത്തിൽ നാടൻ പശുവിന്റെ പാലിനെ പ്രയോജനപ്പെടുത്തുന്നത്‌, ആയുർവേദ വൈദ്യത്തിൽ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും സ്ഥാനം, പഞ്ചഗവ്യ ചികിത്സാ സമ്പ്രദായം, ജൈവകൃഷി സമ്പ്രദായങ്ങൾ എന്നിവ കണക്കിലെടുത്താണ്‌  നാടൻ പശുക്കളെ "രാജ്മാതാ ഗോമാതാ" ആയി പ്രഖ്യാപിച്ചിരിക്കുന്നതെന്ന്‌  മന്ത്രിസഭാ യോഗത്തിന് ശേഷം ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

"പശുക്കൾ പുരാതന കാലം മുതൽ മനുഷ്യജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ചരിത്രപരവും ശാസ്ത്രീയവും ആത്മീയവുമായ പ്രാധാന്യം കണക്കിലെടുത്ത് പുരാതന കാലം മുതൽ പശുവിന് 'കമരേണു' എന്ന പേര് നൽകി. രാജ്യത്തുടനീളം വ്യത്യസ്ത ഇനം പശുക്കളെ നമുക്ക് കാണാം; എന്നിരുന്നാലും, നാടൻ പശുക്കളുടെ എണ്ണം അതിവേഗം കുറയുന്നു," എന്നും പ്രമേയത്തിൽ പറയുന്നു.

"നാടൻ പശുക്കളുടെ എണ്ണം കുറയുന്നത് ആശങ്കാജനകമാണ്. ഇത് കണക്കിലെടുത്താണ് സർക്കാർ നാടൻ പശുവിനെ 'രാജ്മാതാ-' ആയി പ്രഖ്യാപിക്കുന്നതെന്നും പ്രമേയം കൂട്ടിച്ചേർത്തു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റേതാണ്‌ പുതിയ ഈ തീരുമാനം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top