മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ശബ്ധ പ്രചാരണവും കഴിഞ്ഞ് നാളെ പോളിങ് ബൂത്തിലേക്ക്. ജാർഖണ്ഡിൽ അനിശ്ചിതത്വത്തിലായ ബി ജെ പി കൂടുതൽ വർഗ്ഗീയ വിഷം വമിപ്പിച്ചുകൊണ്ട് വോട്ട് കേന്ദ്രീകരിക്കാനാണ് അവസാന നിമിഷം വരെ ശ്രമിച്ചത്. മഹാരാഷ്ട്രയിൽ രണ്ടു ത്രികക്ഷി മുന്നണികൾ നയിക്കുന്ന പക്ഷങ്ങളാണ് ഏറ്റുമുട്ടുന്നത്. ഇവിടെ എൻഡിഎ മുന്നണിയിലെ കക്ഷികൾ തന്നെ വർഗ്ഗീയതയുടെ രൂക്ഷത കുറയ്ക്കാൻ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് ഇരു സംസ്ഥാനത്തും പോളിങ് അനുവദിച്ചിരിക്കുന്നത്.
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റു നോക്കുന്നതാണ്. ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും അധികം സീറ്റുകൾ ഉള്ളത് ഇവിടെയാണ്. 2019 ലെ തെരഞ്ഞടുപ്പിൽ 105 സീറ്റുകൾ നേടി ബി ജെ പി ആയിരുന്നു മുന്നിൽ. ശിവസേന 65, എൻസിപി 54, കോൺഗ്രസ് 44, മറ്റുള്ളവർ 29 എന്നിങ്ങനെയായിരുന്നു കക്ഷി നില.
എന്നാൽ 2024 ലോക് സഭാ തെരഞ്ഞെടുപ്പോടെ ചിത്രം മാറി. ഇന്ത്യ മുന്നണി 30 സീറ്റുകൾ നേടി. കോൺഗ്രസ് 13, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഒമ്പത്, എൻസിപി പവാർ പക്ഷം എട്ട് എന്നിങ്ങനെയായിരുന്നു സഖ്യത്തിന്റെ സീറ്റ് നില. അതേ സമയം എൻ ഡി എ പക്ഷത്ത് 17 സീറ്റുകൾ മാത്രമായി. ഷിന്ദെ വിഭാഗം ശിവസേന ഏഴ്, എൻ സി പി അജിത് പവാർ പക്ഷം ഒന്ന്, മറ്റുള്ളവർ ഒന്ന് എന്ന നിലയിലായിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് വർഗ്ഗീയത കത്തിച്ചും വിഭജന തന്ത്രങ്ങൾ പരമാവധി പയറ്റിയും ബിജെപി പ്രചരാണം തുടരുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വോട്ട് വിഹിതത്തിൽ മഹാവികാസ് അഘാഡി സഖ്യം 44.73 എന്ന നിലയിലേക്ക് ഉയർന്നു. അതേ സമയം മഹായുതി സഖ്യം 42.73 എന്ന നിലയിലേക്ക് താഴ്ന്നു. ബട്ടേം ഗേ തോ കട്ടേംഗേ അഥവാ വിഭജിക്കപ്പെട്ടാൽ തകരും എന്ന മുദ്രാവാക്യം ഉയർത്തി ആർ എസ് എസ് നേരിട്ട് തന്നെ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നു. വോട്ട് ജിഹാദ് എന്ന പുതിയ നമ്പറും ഇറക്കിയിട്ടുണ്ട്.
വർഗ്ഗീയ വോട്ടുകൾ ഏകീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശ്രമിച്ചു. സ്വന്തം മുന്നണിയിൽ നിന്നു തന്നെ എതിർപ്പുണ്ടായി. സഖ്യകക്ഷി നേതാവ് അജിത് പവാർ, ബിജെപി നേതാക്കളായ അശോക് ചവാൻ, ബിജെപി നേതാവ് പങ്കജ മുണ്ടെ ഉൾപ്പെടെയുള്ളവർ എതിർപ്പുമായി രംഗത്തെത്തി. അത്രയും കടുത്ത വർഗ്ഗീയതയായിരുന്നു ഉന്നത നേതാക്കൾ എത്തി പ്രസംഗിച്ചത്.
സംസ്ഥാനത്തെ മൊത്തം വോട്ടർമാർ 9.6 കോടിയാണ്. 12 ശതമാനമാണ് യുവാക്കളുടെ സംഖ്യ. 47.7 ശതമാനം സ്ത്രീ വോട്ടർമാരാണ്. മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനം സ്ഥാനാർഥികൾ കൂടുതൽ മത്സരരംഗത്തുണ്ട്.
ജാർഖണ്ഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ബുധനാഴ്ച നടക്കുന്നത്. നവംബർ 13 നായിരുന്നു ആദ്യ ഘട്ടം. 38 മണ്ഡലങ്ങളിലെ വിധിയെഴുത്താണ് നടക്കാനുള്ളത്. ആകെ 81 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2019 ൽ ജാർഖണ്ഡ് മുക്തി മോർച്ച 30 സീറ്റുകൾ നേടി. കോൺഗ്രസ് 16 ഉം, ആർ ജെ ഡിഒന്നും സീറ്റുകളിൽ വിജയിച്ചു. ബിജെപി അതേ സമയം 25 സീറ്റുകൾ നേടി. ജെ വി എം മൂന്ന് സീറ്റും, എ ജെ എസ് യു രണ്ട് സീറ്റും സിപിഐ എം എൽ എൻസിപി കക്ഷികൾ ഒന്നു വീതവും ഇതര പാർട്ടികൾ രണ്ടു സീറ്റും നേടി.
ജാർഖണ്ഡിൽ തോൽവി ഭയന്ന് ബംഗ്ലാദേശ് അഭയാർത്ഥികളെ ചൂണ്ടിയുള്ള കടുത്ത വർഗ്ഗീയ പ്രചാരണമാണ് ബിജെപി അഴിച്ചു വിടുന്നത്. അതേ സമയം 30 സീറ്റുകൾ പിടിച്ചു വാങ്ങി എങ്കിലും മത്സര രംഗത്ത് സജീവമാവാതെ കോൺഗ്രസ് തുടരുന്നത് കടുത്ത വെല്ലുവിളിയും ഉയർത്തുന്നു.
2019 ലെ തെരഞ്ഞെടുപ്പിലും ഈ വർഷം നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും ആദിവാസി മേഖലയുൾപ്പെടെ ജാർഖണ്ഡ് മുക്തിമോർച്ചയ്ക്ക് ഒപ്പമായിരുന്നു. സ്വതന്ത്രരെയും ചെറുകിട പാർട്ടികളെ ഇറക്കി ഈ മേഖലയിലെ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന തന്ത്രവും ബിജെപി പ്രയോഗിക്കുന്നു.
നവംബർ 23 ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..