ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി വീണ്ടും അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി ബിജെപിയും ശിവസേനയും (ഷിൻഡെ വിഭാഗം). നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കം.
ഫഡ്‌നാവിസിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി എംഎൽഎ പ്രവിൻ ധരേക്കർ ആവശ്യപ്പെട്ടു. സഖ്യത്തിൽ കൂടുതൽ സീറ്റ് നേടിയ കക്ഷിക്കാണ് മുഖ്യമന്ത്രി പദത്തിന് അർഹതയെന്നും ധരേക്കർ പറഞ്ഞു. അതേസമയം, അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് മഹായുതി നേതാക്കൾ തീരുമാനിക്കുമെന്നും ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ തുടരുമെന്നാണ് കരുതുന്നതെന്നും ശിവസേന വക്താവ് ശീതൾ മംതാരെ പറഞ്ഞു. എൻസിപി നേതാവ് അജിത് പവാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും പോസ്‌റ്ററുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു. സഖ്യകക്ഷി നേതാക്കൾ ഒന്നിച്ചിരുന്ന് തീരുമാനമെടുക്കുമെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. തീരുമാനമെടുത്തിട്ടില്ലെന്ന് കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..