മുംബൈ > മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെയും എണ്ണിയ വോട്ടുകളുടെയും കണക്കുകളിൽ വൻ വ്യത്യാസം. പോൾ ചെയ്ത വോട്ടുകളേക്കാൾ അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് എണ്ണിയതെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യ (ഇസിഐ)യുടെ കണക്കുകൾ പ്രകാരം 66.06 ശതമാനം പോളിങ്ങാണ് നടന്നത്. 64,088,19 പേർ വോട്ട് രേഖപ്പെടുത്തി. (30, 437, 057 സ്ത്രീകളും 33,437, 057 പുരുഷൻമാരും). എന്നാൽ ഫലപ്രഖ്യാപനദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. പോൾ ചെയ്തതിനേക്കാൾ 5, 04, 313 വോട്ടുകളാണ് അധികം എണ്ണിയത്.
എട്ട് മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു എണ്ണിയതെങ്കിൽ, ബാക്കിയുള്ള 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളാണ് എണ്ണിയത്. അഷ്തി മണ്ഡലത്തിൽ പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണി. ഒസ്മാനാബാദിൽ 4,155 വോട്ടുകളുടെയും വ്യത്യാസം രേഖപ്പെടുത്തി. ഈ രണ്ട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടുവ്യത്യാസം രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. പോളിങ്ങ് ബൂത്തുകളിൽ സ്വാധീനവും ക്രമക്കേടും നടന്നതായും ആരോപണം ഉയരുന്നുണ്ട്. ക്രമക്കേടുകൾ പുറത്തുവന്നതോടെ 2024 മെയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയും ആശങ്കകൾ ഉയരുന്നുണ്ട്. റെക്കോഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പോളിങ്ങ് ശതമാനത്തിലും വോട്ടുകളുടെ കണക്കിലും 5- 6 ശതമാനം വരെ വ്യത്യാസം ഉണ്ടെന്നു കാണിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോർംസ് സുപ്രീംകോടതിയിൽ പെറ്റീഷൻ നൽകിയിരുന്നു. എന്നാൽ ആവശ്യം സുപ്രീംകോടതി തള്ളി.
പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണപ്പെട്ട വിവിധ മണ്ഡലങ്ങളിലെ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. നവപൂർ (പട്ടികവർഗം) അസംബ്ലി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ പ്രകാരം മൊത്തം വോട്ടർമാരുടെ എണ്ണം 2,95,786 ആയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം 2,40,022 വോട്ടുകൾ പോൾ ചെയ്തതായാണ് കണക്ക്. എന്നാൽ നിലവിലെ ഫലപ്രഖ്യാപനത്തിന്റെ കണക്കുകൾ പ്രകാരം ആകെ എണ്ണിയത് 2,41,193 വോട്ടുകളാണ്. ഇത് പോൾ ചെയ്ത വോട്ടുകളേക്കാൾ 1,171എണ്ണം കൂടുതലാണ്. 1,121 വോട്ടുകൾക്കാണ് ഇവിടെ സ്ഥാനാർഥി വിജയിച്ചത്. മാവൽ അസംബ്ലി നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമിഷന്റെ കണക്ക് പ്രകാരം മൊത്തം വോട്ടർമാരുടെ എണ്ണം 3,86,172 ആണ്. തെരഞ്ഞെടുപ്പ് ദിവസം പോൾചെയ്തത് 2,80,319 വോട്ടുകളായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ എണ്ണപ്പെട്ട വോട്ടുകൾ 2,79,081 ആയിരുന്നു. ഇത് പോൾ ചെയ്ത വോട്ടുകളേക്കാൾ 1,238 വോട്ടുകൾ കുറവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..