04 October Friday

സംവരണത്തിൽ പ്രതിഷേധം; കെട്ടിടത്തിൽ നിന്ന്‌ എടുത്തുചാടി മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്‌പീക്കറും എംഎൽമാരും

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

Video Grabbed Image

മുംബൈ > മുംബൈയിലെ സെക്രട്ടറിയേറ്റ്‌ കെട്ടിടം സാഹസികമായ ചില സംഭവ വികാസങ്ങൾക്കാണ്‌ വെള്ളിയാഴ്‌ച സാക്ഷ്യം വഹിച്ചത്‌. സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ മഹാരാഷ്‌ട്ര നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറും മൂന്ന്‌ എംഎൽമാരും ഒരു എംപിയും സർക്കാർ കെട്ടിടത്തിൽ നിന്ന്‌ താഴേക്ക്‌ ചാടി. ആത്മഹത്യകൾ തടയുന്നതിനായി 2018ൽ, കെട്ടിടത്തിൽ സജ്ജീകരിച്ച സുരക്ഷാ വലകളിലേക്കാണ്‌ ഡെപ്യൂട്ടി സ്‌പീക്കറും സംഘവും ചെന്ന്‌ പതിച്ചത്‌. അതിനാൽ ജനപ്രതിനിധികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.  

ഡെപ്യൂട്ടി സ്പീക്കറും എൻസിപി അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാൾ, ബിജെപി എംപി ഹേമന്ദ് സവ്ര, എംഎൽഎമാരായ കിരൺ ലഹാമതെ, കിരാമൻ ഖോസ്കർ, രാജേഷ് പാട്ടീൽ എന്നിവരാണ്‌ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്ന്‌ താഴേക്ക്‌ ചാടിയത്‌. ജനപ്രതിനിധികൾ വലയിൽ നിന്ന്‌ പുറത്തേക്ക്‌ വരുന്ന ദൃശ്യങ്ങൾ  പ്രചരിക്കുന്നുണ്ട്‌.

പട്ടിക വർഗ സംവരണ വിഭാഗത്തിൽ ദംഗർ സമുദായത്തെ ഉൾപ്പെടുത്തിയതിനെതിരെ സെക്രട്ടറിയേറ്റിന്‌ അകത്തും പുറത്തുമായി പ്രതിഷേധം നടക്കുകയായിരുന്നു. ദംഗർ സമുദായത്തെ സംവരണം നൽകരുതെന്നാണ്‌ പ്രതിഷേധക്കാർ ആവശ്യം ഉന്നയിക്കുന്നത്‌.

വെള്ളിയാഴ്‌ച രാവിലെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ഉപ മുഖ്യമന്ത്രി അജിത്‌ പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ്‌ എന്നിവർ പങ്കെടുത്ത ക്യാബിനറ്റ്‌ മീറ്റിംഗ്‌ നടക്കുന്ന സമയം സംസ്ഥാനത്തെ പട്ടിക വർഗ എംഎൽമാർ സെക്രട്ടറിയേറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top