ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ സിപിഐ എം സിറ്റിങ് സീറ്റായ ദഹാനുവിൽ പ്രചാരണം ശക്തമാക്കി. സിപിഐ എം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ വിനോദ് നിക്കോളെയുടെ പൊതുയോഗങ്ങൾ വൻതോതിൽ ജനങ്ങളെ ആകർഷിക്കുന്നു. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ ഭാഗമായാണ് പാൽഘർ ജില്ലയിലെ ദഹാനുവിൽ നിക്കോളെ മത്സരിക്കുന്നത്.
അംബേസരിയിൽ ആദ്യ പൊതുയോഗത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക് ധാവ്‌ളെ, കേന്ദ്രകമ്മിറ്റിയംഗം മറിയം ധാവ്‌ളെ തുടങ്ങിയവര്‍ പങ്കെടുത്തു. ചൊവ്വയും ബുധനും പിബി അംഗം ബൃന്ദ കാരാട്ട് പ്രചാരണത്തിനെത്തും. ശിവസേന (യുബിടി)യിലെ മിലിന്ദ് വൈദ്യ, സഞ്ജയ് പാട്ടീൽ, കോൺഗ്രസിലെ സന്തോഷ് മോറെ, എൻസിപിയിലെ മിഹിർ ഷാ, കാശിനാഥ് ചൗധരി തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കും.
1978 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ 10ൽ ഒമ്പതുതവണയും സിപിഐ എമ്മാണ് ദഹാനുവിൽ വിജയിച്ചത്. ബിജെപിയുടെ വിനോദ് സുരേഷ് മേധയാണ് ഇത്തവണ മുഖ്യഎതിരാളി. അഖിലേന്ത്യ കിസാൻ സഭയും കമ്യൂണിസ്റ്റ് പാർടിയും നേതൃത്വം നൽകിയ വർളി ആദിവാസി പ്രക്ഷോഭം നടന്നത് ദഹാനുവിലാണ്. മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വർഷമായി സിപിഐ എം ഭരണത്തിലാണ്. 2019ൽ ബിജെപി സ്ഥാനാർഥിയെ 4,707 വോട്ടിനാണ് നിക്കോളെ പരാജയപ്പെടുത്തിയത്. കൽവാൻ, സോളാപുർ സിറ്റി സെൻട്രൽ എന്നിവിടങ്ങളിലും സിപിഐ എം മത്സരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..