22 December Sunday
മഹാരാഷ്‌ട്രയിൽ അമ്പതോളം വിമതർ പിന്മാറി

സോളാപുർ സിറ്റി സെൻട്രൽ ; കോൺഗ്രസ്‌ പത്രിക പിൻവലിച്ചില്ല , ശക്തമായി പോരാടാൻ സിപിഐ എം

റിതിൻ പൗലോസ്‌Updated: Tuesday Nov 5, 2024


ന്യൂഡൽഹി
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതാവ്‌ നരസയ്യ ആദം  മത്സരിക്കുന്ന  സോളാപുർ സിറ്റി സെൻട്രലിൽ ചേതൻ നരോട്ടയുടെ   സ്ഥാനാർഥിത്വം പിൻവലിക്കാതെ കോൺഗ്രസ്‌. പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്‌ച അവസാനിച്ചു.  ദേവേന്ദ്ര രാജേഷ്‌ കോത്തയാണ്‌ ബിജെപി സ്ഥാനാർഥി.   കോൺഗ്രസ്‌ നടപടി ദൗർഭാഗ്യകരമാണെന്ന്‌ സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി ഉദയ്‌ നർക്കർ പ്രതികരിച്ചു. മൂന്നുതവണ സിപിഐ എം വിജയിച്ച മണ്ഡലമാണിത്‌.

ഞായറാഴ്‌ച നടന്ന ഉഭയകക്ഷി ചർച്ചയിൽ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ വാക്കാൽ ഉറപ്പുനൽകിയെങ്കിലും പിന്നീട്‌ മലക്കംമറിഞ്ഞു. കോൺഗ്രസിന്റെ സിറ്റിങ്‌ എംഎൽഎയായിരുന്ന  പ്രണിതി ഷിൻഡെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സോളാപുർ മണ്ഡലത്തിൽനിന്ന്‌ വിജയിച്ചത്‌  സിപിഐ എമ്മിന്റെ കൂടി പിന്തുണയോടെയാണ്‌.  നിയമസഭാ സീറ്റ്‌ സിപിഐ എമ്മിന്‌ നൽകാമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം അന്ന്‌  ഉറപ്പുനൽകിയിരുന്നു. എന്നാൽ കേന്ദ്രനേതൃത്വത്തിൽ സമ്മർദം ചെലുത്തിയ പ്രണിതി വിശ്വസ്‌തനായ  ചേതൻ നരോട്ടയെ സ്ഥാനാർഥിയാക്കി.  സിപിഐ എം സ്ഥാനാർഥികളായി സിറ്റിങ്‌ സീറ്റായ ദഹാനുവിൽ വിനോദ്‌ നിക്കോളെയും കൽവാനിൽ ജെ പി ഗാവിത്തും രംഗത്തുണ്ട്‌.

മഹാരാഷ്‌ട്രയിൽ അമ്പതോളം വിമതർ പിന്മാറി
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്‌ച അവസാനിച്ചതോടെ അമ്പതോളം വിമതർ പിന്മാറി. ബിജെപി വിമതനായി ബൊരിവാലി  മണ്ഡലത്തിൽ പത്രിക നൽകിയ മുതിർന്ന നേതാവും മുൻ എംപിയുമായ  ഗോപാൽ ഷെട്ടി പത്രിക പിൻവലിച്ചു. ടിക്കറ്റ്‌ ലഭിക്കാത്തിനെ തുടർന്ന്‌ വിമതനായ അദ്ദേഹത്തെ ബിജെപി നേതൃത്വം ഇടപെട്ടാണ്‌ പിന്തിരിപ്പിച്ചത്‌. അജിത്‌ പവാറിന്റെ എൻസിപി സ്ഥാനാർഥിയായി മത്സരിക്കുന്ന നവാബ്‌ മാലിക്കിന്റെ മകൾ സന മാലിക്കിനെതിരെ ഏക്‌നാഥ്‌ ഷിൻഡെയുടെ ശിവസേന നൽകിയ പത്രികയും പിൻവലിച്ചു. മഹായുതിയുടെ 24 വിമതരാണ്‌ ആകെ പത്രിക പിൻവലിച്ചത്‌. ബിജെപി 10, ഏക്‌നാഥ്‌ ഷിൻഡെയുടെ ശിവസേന എട്ട്‌, അജിത്‌ പവാറിന്റെ എൻസിപിയുടെ ആറ്‌ വിമതരാണ്‌ അവസാന ദിവസം പിന്മാറിയത്‌.

അതിനിടെ ബിജെപി സഖ്യസർക്കാരിനെ പിടിച്ചുകുലുക്കിയ മറാത്ത പ്രക്ഷോഭത്തിന്റെ നായകൻ മനോജ് ജരാങ്കെ പാട്ടീൽ തന്റെ സ്ഥാനാർഥികളെ മുഴുവൻ നാടകീയമായി പിൻവലിച്ചു. മഹാവികാസ്‌ അഘാഡി വിമതരും പത്രിക പിൻവലിച്ചു. പുണെ കസബ മണ്ഡലത്തിൽ വിമതനായി പത്രിക നൽകിയ മുക്താർ ഷെയ്‌ഖ്‌ പിന്മാറി. കോൺഗ്രസിന്റെ  രവീന്ദ്ര ധങ്കേക്കറിന്‌ പിന്തുണ പ്രഖ്യാപിച്ചു. പത്ത്‌ കോൺഗ്രസ്‌ വിമതരും ശിവസേന (യുബിടി) 7 പേരും ശരദ്‌പവാറിന്റെ എൻസിപിയിൽനിന്നുള്ള നാല്‌ പേരും വിമത പത്രിക പിൻവലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top