ന്യൂഡൽഹി
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മഹായുദ്ധം നയിക്കുന്നത് എൺപത്തിനാലുകാരനായ ശരദ് പവാര്‍. ഉദ്ദവ് താക്കറയുടെ നേതൃത്വത്തിലുള്ള ശിവസേനയേയും കോൺഗ്രസിനേയും ചേർത്തുനിർത്തി മഹാവികാസ് അഘാഡിയെന്ന എൻഡിഎ വിരുദ്ധ മുന്നണി കെട്ടിപ്പടുത്തത് എൻസിപി സ്ഥാപക നേതാവായ പവാറാണ്. നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം ബിജെപിക്ക് മുന്നിൽ മുട്ടുമടക്കുന്ന കോൺഗ്രസിനെ രണ്ടാം സ്ഥാനത്തിരുത്തി പട നയിക്കുന്ന പവാറിന് കീഴിൽ വർധിത വീര്യത്തിലാണ് എംവിഎ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ 17 സീറ്റിലൊതുക്കി എംവിഎ 31 സീറ്റ് നേടി. 65 ശതമാനം നിയമസഭ സീറ്റിലും മുന്നിലെത്തി. 288 നിയമസഭ സീറ്റില്‍ 188 സീറ്റ് വരെ ജയിക്കാമെന്നാണ് എംവിഎയുടെ ആഭ്യന്തര സർവേയില്‍ പറയുന്നത്.
മന്ത്രിസഭയിലും മുന്നണിയിലും തമ്മിലടി രൂക്ഷമായതോടെ ബിജെപി സഖ്യം പ്രതിസന്ധിയിലാണ്. ശിവസേന പിളർത്തി എത്തിയ ഏക്‌നാഥ് ഷിൻഡയെ മുഖ്യമന്ത്രിയും എൻസിപി പിളർത്തിയ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയും ആക്കിയെങ്കിലും ലോക്‌സഭയിൽ തിരിച്ചടിയേറ്റു. ബിജെപി ഒറ്റയക്കത്തിലൊടുങ്ങി. അജിത് പവാറിനെ കൂടെക്കൂട്ടിയതിൽ ബിജെപി പ്രവർത്തകർ അമർഷത്തിലാണ്. മാറാത്ത സംവരണ പ്രക്ഷോഭവും കർഷകരോഷവും എൻഡിഎയെ അലട്ടുന്നു. തിങ്കളാഴ്‌ചത്തെ മന്ത്രിസഭ യോഗം ഉപമുഖ്യമന്ത്രി അജിത് പവാർ ബഷിഷ്‌ക്കരിച്ചു.ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാന നേതാക്കളെ ആശങ്ക അറിയിച്ചിട്ടുണ്ട്. അജിത് പവാർ പക്ഷത്തെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത് സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് ഗൗരവമായ ആശങ്ക ഉയര്‍ത്തുന്ന ഘട്ടത്തിലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..