ന്യൂഡൽഹി
മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസിന്റെ കടുംപിടിത്തം മഹാവികാസ് അഘാഡിക്ക് തലവേദനയായി. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് മുൻപേ സീറ്റ് വിഭജനം പ്രഖ്യാപിക്കാൻ മഹാവികാസ് അഘാഡി ലക്ഷ്യമിട്ടെങ്കിലും കോൺഗ്രസ് നിലപാടിൽ നീക്കം പാളംതെറ്റി. ഞായറാഴ്‌ച ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട ബിജെപി പ്രചാരണം തുടങ്ങി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപി പാർടികളും ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
തിങ്കളാഴ്‌ച എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല. 96 സീറ്റുകളാണ് ചർച്ചയായതെന്നും ചൊവ്വാഴ്‌ച ശരദ് പവാർ, ഉദ്ദവ് താക്കറെ എന്നിവരെ കാണുമെന്നുമാണ് പിസിസി അധ്യക്ഷൻ നാനാ പടോളയുടെ പ്രതികരണം. 30–-40 സീറ്റിലെ തർക്കത്തിന് ഇതിലൂടെ പരിഹാരം കാണുമെന്നും പടോളെ അവകാശപ്പെട്ടു. സീറ്റ് വിഭജനം വൈകുന്നതിൽ ഉദ്ദവും പവാറും അതൃപ്‌തരാണ്.
അതിനിടെ, 288 സീറ്റിലും കോൺഗ്രസ്, എൻസിപി(ശരദ്‌പവാർ), ശിവസേന (യുബിടി) പാർടികൾ മത്സരിക്കുമെന്ന പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാറിന്റെ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കി. സ്ഥാനാർഥി നിർണയം വൈകുന്നതിൽ അതൃപ്‌തരായ എസ്‌പി അഞ്ചിടത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..