22 November Friday

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ; സിപിഐ എം സ്ഥാനാർഥി 
കൽവാനിൽ പത്രിക നൽകി

സ്വന്തം ലേഖകൻUpdated: Thursday Oct 24, 2024

മഹാരാഷ്‌ട്ര നാസിക് ജില്ലയിലെ കൽവാൻ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിതിന്റെ 
പത്രികാസമര്‍പ്പണത്തിനു മുന്നോടിയായുള്ള പ്രകടനം


ന്യൂഡൽഹി
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രമായ നാസിക് ജില്ലയിലെ കൽവാൻ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത്‌ പത്രിക നൽകി. ആയിരങ്ങൾ അണിനിരന്ന വൻ ശക്തിപ്രകടനത്തിനും പൊതുയോഗത്തിനും ശേഷമായിരുന്നു പത്രികാസമര്‍പ്പണം. ഏഴുതവണ സിപിഐ എം ജയിച്ച എസ്‌ടി സംവരണ മണ്ഡലമാണ്‌ കൽവാൻ.

ആദിവാസികൾക്കും കർഷകർക്കുമായി നിരവധി പോരാട്ടം നയിച്ച ഗാവിത്‌ മണ്ഡലത്തിലെ സുപരിചിത മുഖമാണ്‌.  ആദിവാസികളും കർഷകരും സ്‌ത്രീകളും യുവജനങ്ങളും അണിനിരന്ന ശക്തിപ്രകടനത്തിൽ മഹാവികാസ്‌ അഘാഡി നേതാക്കളും പങ്കെടുത്തു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ, സംസ്ഥാന സെക്രട്ടറിയറ്റംഗം സുനിൽ മലുസരെ,  എൻസിപി (ശരദ്‌പവാർ) നേതാവും ദിന്ധോരി എംപിയുമായ ഭാസ്‌കർ ബാഗ്‌രെ, ഡിസിസി പ്രസിഡന്റ്‌ ഷിരിശ്‌ കോട്‌വാൽ, ശിവസേന(യുബിടി) ജില്ല പ്രസിഡന്റ്‌ ജയന്ത്‌ ദിണ്ഡെ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെ ആനയിച്ചാണ്‌ പ്രകടനം നീങ്ങിയത്‌. 

അവിഭക്ത എൻസിപി സ്ഥാനാർഥി നിതിൻ അർജുനോട്‌ 2019ൽ  6,596 വോട്ടിനാണ് ഗാവിത്‌ പരാജയപ്പെട്ടത്‌. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗാവിതിനെ ദിന്ദോരിയിൽ സിപിഐ എം സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും ശരദ്‌ പവാറിന്റെ അഭ്യർഥന മാനിച്ച്‌ പിൻവലിച്ചു.  മഹാവികാസ്‌ അഘാഡി സിപിഐ എമ്മിന്‌ രണ്ടുസീറ്റാണ്‌ വാഗ്‌ദാനം ചെയ്‌തതെങ്കിലും കൂടുതൽ സീറ്റിനായുള്ള ചർച്ച തുടരുന്നു. പാൽഘർ ജില്ലയിലെ ദഹാനുവിൽ സിപിഐ എമ്മിന്റെ സിറ്റിങ്‌ എംഎൽഎ വിനോദ്‌ നിക്കോളെ 28ന്‌ പത്രിക നൽകും. 12 സീറ്റ്‌ ആവശ്യപ്പെട്ടതിൽ അകോള, നാസിക്‌ വെസ്റ്റ്‌ അടക്കമുള്ള ആറുസീറ്റുകളാണ്‌ മുൻഗണന പട്ടികയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top