ന്യൂഡൽഹി
ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി. കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി, ഉദ്ദവ് താക്കറെയുടെ ശിവസേന(യുബിടി) പാർടികൾ 85 സീറ്റുകളിൽ വീതം മത്സരിക്കും. 18 സീറ്റുകൾ സിപിഐ എം, എസ്‌പി തുടങ്ങിയ പാർടികൾ പങ്കുവയ്‌ക്കും. എത്രസീറ്റുകൾ മറ്റ് പാർടികൾക്ക് നൽകുമെന്നതിൽ പ്രഖ്യാപനം വ്യാഴാഴച. ബാക്കി 15 സീറ്റിൽ ചർച്ച തുടരുകയാണ്. സീറ്റ് വിജഭനം സംബന്ധിച്ച ചർച്ചകൾ വ്യാഴാഴ്‌ച പൂർത്തിയാക്കുമെന്നും മഹാവികാസ് അഘാഡി ഒറ്റക്കെട്ടായി മത്സരിക്കുമെന്നും പിസിസി അധ്യക്ഷൻ നാനാ പടോളെ പ്രഖ്യാപിച്ചു. 288 സീറ്റിലേക്ക് നവംബർ 20നാണ് വോട്ടെടുപ്പ്.
അജിത് പവാർ ബാരാമതിയിൽ
ശരദ്‌പവാറിന്റെ എൻസിപി പിളർത്തി മഹായുതി സഖ്യത്തിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാർ സിറ്റിങ് സീറ്റായ ബാരാമതിയിൽതന്നെ മത്സരിക്കും. 1993 മുതൽ അജിത് പവാർ ജയിക്കുന്ന മണ്ഡലത്തിൽ ശരദ് പവാറിന്റെ എൻസിപിയുമായാണ് ഏറ്റുമുട്ടുക. ആദ്യഘട്ടമായി അജിത് പവാർ പക്ഷം 38 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മന്ത്രിമാർ അടക്കം മറുകണ്ടം ചാടിയ 26 സിറ്റിങ് എംഎൽഎമാർക്കും സീറ്റുനൽകി.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന 45 പേരുടെ ആദ്യഘട്ട പത്രികയും പുറത്തുവിട്ടിട്ടുണ്ട്. സിറ്റിങ് സീറ്റായ താനെ സിറ്റിയിലെ കൊപ്രി-–-പഞ്ച്പഖാഡിയിൽതന്നെ ഷിൻഡെ ജനവിധി തേടും. അരഡസൻ മന്ത്രിമാർക്കും മറുകണ്ടം ചാടിയ എംഎൽഎമാർക്കും സീറ്റ് നിലനിർത്തി. ബിജെപി 99 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..