22 December Sunday

ബാരാമതിയിൽ അജിത്‌ പവാറിനെ നേരിടാന്‍ യുഗേന്ദ്ര

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ 45 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട്‌ ശരദ്‌ പവാറിന്റെ എൻസിപി. മഹായുതി സഖ്യത്തിലെ ഉപമുഖ്യമന്ത്രി അജിത്‌ പവാറിനെ ബാരാമതിയിൽ അനന്തരവൻ യുഗേന്ദ്രയാദവ്‌ നേരിടുക. 1993 മുതൽ അജിത്‌ പവാർ തുടർച്ചയായി ജയിക്കുന്ന ബാരാമതി പവാർ കുടുംബത്തിന്റെ കോട്ടയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ അജിത്‌ പവാർ പക്ഷത്തെ ശരദ്‌ പവാർ തറപറ്റിച്ചത് യുഗേന്ദ്രയ്‌ക്ക്‌ ആത്മവിശ്വാസമേകുന്നു. ശരദ്‌ പവാർ പക്ഷത്തിന്റെ നെടുംതൂണായ ജയന്ത്‌ പാട്ടീൽ ഇസ്‌ലാംപുരിൽ പത്രിക നൽകി. ജിതേന്ദ്ര അവ്ഹാദ് (മുംബ്ര-കൽവ),   മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്‌  (കടോൾ), ഹർഷവർധൻ പാട്ടീൽ (ഇന്ദാപുർ) എന്നിവരും സ്ഥാനാർഥികളായി. അന്തരിച്ച മുൻ ഉപമുഖ്യമന്ത്രി ആർ ആർ പാട്ടീലിന്റെ മകൻ രോഹിത് പാട്ടീൽ തസ്ഗാവ്- –-കാവ്തേമഹങ്കൽ മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങും. 

അതിനിടെ അജിത് പവാർ പക്ഷത്തെ കരുത്തൻ  ഛഗൻ ഭുജ്ബലിന്റെ മരുമകൻ സമീർ ഭുജ്ബൽ പാർടി വിട്ടു. മുംബൈ അധ്യക്ഷ പദവിയും രാജിവച്ചു. നാസിക്കിലെ നന്ദ്ഗാവ് സീറ്റിൽ സ്വതന്ത്രനായി മത്സരിച്ചേക്കും.

സിദ്ദിഖിയുടെ 
മകന്‌ സീറ്റില്ല
കൊല്ലപ്പെട്ട മുൻമന്ത്രി ബാബ സിദ്ദിഖിയുടെ മകനും കോൺഗ്രസ്‌ എംഎൽഎയുമായ ഷീസൻ സിദ്ദിഖിക്ക്‌ സീറ്റില്ല. ബാന്ദ്ര വെസ്‌റ്റ്‌ മണ്ഡലം ഉദ്ദവ്‌പക്ഷ ശിവസേനയ്‌ക്ക്‌ കോൺഗ്രസ്‌ വിട്ടുനൽകി. ഇവിടെ വരുൺ സർദേശായിയാണ്‌ ശിവസേന(യുബിടി) സ്ഥാനാർഥി. തനിക്ക്‌ സീറ്റ്‌ നിഷേധിച്ചതിൽ പൊതുജനം തീരുമാനിക്കട്ടേയെന്നാണ്‌  ഷീസൻ സിദ്ദിഖി  പ്രതികരിച്ചു.

അജിത്‌ പവാറിന്
‘ക്ലോക്ക്' ഉപയോ​ഗിക്കാം
ചിഹ്നം സംബന്ധിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ നൽകിയ മാർഗനിർദേശങ്ങൾ അജിത്‌ പവാർ പക്ഷം പാലിക്കണമെന്ന്‌ സുപ്രീംകോടതി. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി ചിഹ്നമായ ക്ലോക്ക്‌ കൈവശമുള്ള അജിത്‌ പവാർ പക്ഷം വ്യാപക ആശയക്കുഴപ്പുണ്ടാക്കുന്നുവെന്ന ശരദ്‌ പവാർ പക്ഷത്തിന്റെ ഹർജിയിലാണ്‌  നിർദേശം നൽകിയത്‌. അജിത്‌പവാർ പക്ഷം പോസ്റ്ററുകളിലും പരസ്യങ്ങളിലും ക്ലോക്ക്‌ ചിഹ്നം ഉപയോഗിക്കുമ്പോൾ, ആ ചിഹ്നം ഏത്‌ വിഭാഗത്തിനാണെന്ന കാര്യം കോടതിയുടെ അന്തിമതീരുമാനത്തിന്‌ വിധേയമായിരിക്കുമെന്നുകൂടി പരാമർശിക്കണമെന്നാണ്‌ കോടതി നിർദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top