ന്യൂഡൽഹി
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിനമായ തിങ്കളാഴ്‌ച കോലാപുർ നോർത്തിൽ വിമത സ്ഥാനാർഥിക്കായി കോൺഗ്രസ് സ്ഥാനാർഥി പിന്മാറി. വിമതരെ പിന്തിരിപ്പിക്കാൻ പാർടികൾ നെട്ടോട്ടമോടിയതിനിടെയാണ് ഔദ്യോഗിക സ്ഥാനാർഥിയുടെ പിന്മാറ്റം. മഹാവികാസ് അഘാഡിയുടെ ഔദ്യോഗിക സ്ഥാനാർഥിയും രാജകുടുംബാംഗവുമായ, കോൺഗ്രസിലെ മധുരിമ രാജെ ഛത്രപതിയാണ് പാർടി നേതൃത്വം അറിയാതെ പത്രിക പിൻവലിച്ചത്. കോലാപുർ എംപി ഷാഹു മഹാരാജിന്റെ മരുമകൾ കൂടിയാണിവർ.
ആദ്യം പട്ടികയിലുണ്ടായിരുന്ന രാജേഷ് ലട്കറിനെ ഒഴിവാക്കിയാണ് മധുരിമയെ സ്ഥാനാർഥിയാക്കിയത്. തുടർന്ന് ലട്‌കർ വിമതനായി പത്രിക നൽകി. ഇദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മധുരിമയുടെ പിന്മാറ്റം. ഇതോടെ മുമ്പ് രണ്ടുതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ച മണ്ഡലത്തിൽ മഹാവികാസ് അഘാഡിക്ക് ഔദ്യോഗിക സ്ഥാനാർഥി ഇല്ലാതായി. വിമതനായ ലട്‌കറിനെ ഗത്യന്തരമില്ലാതെ കോൺഗ്രസിന് പിന്തുണയ്‌ക്കേണ്ടി വന്നിരിക്കയാണ്. ശിവസേന(ഷിൻഡെ വിഭാഗം) രാജേഷ് ക്ഷീർസാഗറാണ് എതിർസ്ഥാനാർഥി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..