16 November Saturday

തിരിച്ചടിയുണ്ടാകുമെന്ന്‌ ഭയം ; ന്യൂനപക്ഷവിരുദ്ധത 
ആളിക്കത്തിച്ച്‌ ബിജെപി

റിതിൻ പൗലോസ്‌Updated: Saturday Nov 16, 2024


ന്യൂഡൽഹി
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലുണ്ടായ വമ്പൻ തിരിച്ചടി നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ഭയത്തിൽ ന്യൂനപക്ഷ വിരുദ്ധതയും വിദ്വേഷപരാമർശങ്ങളും അഴിച്ചുവിട്ട്‌ ബിജെപി നേതാക്കൾ. പ്രതിപക്ഷ സഖ്യമായ മഹാവികാസ്‌ അഘാഡിയെ ഉലമമാരുടെ ചെരുപ്പുനക്കികൾ എന്നാക്ഷേപിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്‌ മുസ്ലിം സമുദായത്തെ ഒന്നടങ്കം കലാപകാരികൾ എന്നും വിളിച്ചു. ‘ഛത്രപതി ശിവജി മഹാരാജിനെപ്പോലുള്ള പൂർവികരുടെതാണ് മഹാരാഷ്‌ട്ര, റസാക്കന്മാരുടേതല്ല. നടത്തുന്നത്‌ ധർമയുദ്ധമാണ്‌’ – -ഒരഭിമുഖത്തിൽ ഫഡ്‌നവിസ്‌ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌ തുടങ്ങി ബിജെപി നേതാക്കളെല്ലാം വിദ്വേഷത്തിലൂന്നിയാണ്‌ പ്രചാരണം നയിക്കുന്നത്‌.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 23 സീറ്റിൽ ഒമ്പതിൽ മാത്രമാണ്‌ ബിജെപിക്ക്‌ ജയിക്കാനായത്‌. ധുലെ ലോക്‌സഭ മണ്ഡലത്തിലെ ഫലത്തെ ‘വോട്ട്‌ ജിഹാദാക്കി’ മാറ്റാനും ശ്രമിക്കുന്നുണ്ട്‌. മണ്ഡലത്തിലെ ആറിൽ അഞ്ച്‌ നിയമസഭ മണ്ഡലത്തിലും ബിജെപി സ്ഥാനാർഥി ലീഡ്‌ നേടിയിട്ടും മലേഗാവ്‌ സെൻട്രലിലെ മുസ്ലിം വോട്ടുകൾ സ്ഥാനാർഥിയെ 3,800 വോട്ടിന്‌ തോൽപ്പിച്ചത്‌ വോട്ട്‌ ജിഹാദാണെന്നാണ്‌ അവകാശവാദം. ഇതിന്റെ മറപിടിച്ചാണ്‌ ‘ഒന്നിച്ചുനിന്നില്ലെങ്കിൽ തകരും’ എന്ന ആദിത്യനാഥിന്റെ വിദ്വേഷമുദ്രാവാക്യം നേതാക്കൾ വൻതോതിൽ പ്രചരിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top