17 November Sunday

ജനകീയ വിഷയങ്ങളിൽ ഉലഞ്ഞ് ബിജെപി ; പറയാൻ വർഗീയത മാത്രം

പ്രത്യേക ലേഖകൻUpdated: Sunday Nov 17, 2024


ന്യൂഡൽഹി
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ നടത്തുന്ന തീവ്ര വർഗീയപ്രചാരണത്തെയും മറികടന്ന്‌ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത്‌ കാർഷിക മേഖലയുടെ തകർച്ചയും വിലക്കയറ്റവും തൊഴിലില്ലായ്‌മയും. വളം വിലയിൽ ജിഎസ്‌ടി അടിച്ചേൽപ്പിച്ചതിൽ കർഷകർ രോഷാകുലരാണ്‌. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കുമേറ്റ കനത്ത തിരിച്ചടിയിൽ പരിഭ്രാന്തരായി മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഗ്രാമീണരെ തൃപ്‌തരാക്കിയിട്ടില്ല. വർധിച്ചുവരുന്ന കൃഷിച്ചെലവും വിളകൾക്ക്‌ ന്യായവില കിട്ടാത്തതും ഗ്രാമീണ മേഖലകളിൽ കടുത്ത ഭരണവിരുദ്ധ വികാരം പടർത്തിയിട്ടുണ്ട്‌.

തൊഴിലില്ലായ്‌മ ഗ്രാമനഗരങ്ങളിൽ ഒരേപോലെ അമർഷം നിറയ്ക്കുന്നു. വളർച്ചയെക്കുറിച്ച്‌ സർക്കാർ സംസാരിക്കുമ്പോഴും അതിന്റെ പ്രയോജനമൊന്നും യുവജനങ്ങൾക്ക്‌ ലഭിക്കുന്നില്ല. സംവരണ പ്രശ്‌നങ്ങൾ ഉയർന്നുവരാൻ പ്രധാന കാരണം തൊഴിലവസരങ്ങളുടെ അഭാവമാണ്‌. സ്വകാര്യമേഖലയിൽ തൊഴിലവസരം വൻതോതിൽ കുറഞ്ഞു. കാർഷിക തകർച്ചയെ തുടർന്ന്‌ നഗരങ്ങളിലേക്ക്‌ കുടിയേറ്റം പെരുകിയെങ്കിലും ഇവർക്കെല്ലാം അഭയമേകാനുള്ള ശേഷി നഗരങ്ങൾക്കുമില്ല. സർക്കാർ നിയമനങ്ങളും പരിമിതം.

മറാത്താ, ഒബിസി സംവരണ പ്രക്ഷോഭങ്ങൾ ബിജെപി മുന്നണി സർക്കാരിനെ ഉലച്ചിരുന്നു. ‘ഒന്നിച്ചുനിന്നില്ലെങ്കിൽ ഹിന്ദുക്കൾ നശിക്കു’മെന്ന ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മുദ്രാവാക്യം ഉയർത്തിയാണ്‌ ബിജെപി ഇതിനെ നേരിടുന്നത്‌. പ്രധാനമന്ത്രിയും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കാര്യമായി പ്രചരിപ്പിക്കുന്ന മുദ്രാവാക്യത്തെ അജിത്‌ പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ബിജെപിയിലെതന്നെ ഒരു വിഭാഗം നേതാക്കളും പരസ്യമായി എതിർക്കുന്നു. പ്രധാനമന്ത്രിയുടെ പരിപാടികളിൽനിന്ന്‌ അജിത്‌ പവാർ വിട്ടുനിൽക്കുകയാണ്‌. ബിജെപി ദേശീയ സെക്രട്ടറി പങ്കജ്‌ മുണ്ടെയും രാജ്യസഭാംഗം അശോക്‌ ചവാനും മുദ്രാവാക്യത്തോട്‌ വിയോജിച്ചു.

മാതൃകാ പെരുമാറ്റച്ചട്ട 
ലംഘനം: ബിജെപിക്കും 
കോൺഗ്രസിനും 
നോട്ടീസ്‌
ജാർഖണ്ഡ്‌, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച കോൺഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ്‌ കമീഷന്റെ നോട്ടീസ്‌.   ഇരുപാർടിയും പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച്‌ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ നോട്ടീസ്‌ അയച്ചത്‌. തിങ്കൾ ഉച്ചയ്‌ക്കുമുമ്പ്‌ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്‌ത്‌ പ്രചാരണം നടത്തുന്നതായാണ്‌ ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും ജനങ്ങൾക്കിടയിൽ സ്‌പർധ സൃഷ്ടിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നുവെന്നാണ്‌ കോൺഗ്രസിന്റെ പരാതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top