മുംബൈ > മഹാരാഷ്‌ട്ര നിയമസഭ തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ അഞ്ചുകോടി രൂപയുമായി സ്വകാര്യ ഹോട്ടലിൽ നിന്ന് പിടിച്ചു. വോട്ട് പിടിക്കാനായി ബിജെപി പണം വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന നടത്തിയ പരിശോധനയിലാണ് വിനോദ് താവ്‌ഡെയുടെ പക്കൽ നിന്നും അഞ്ചു കോടി രൂപ പിടിച്ചെടുത്തത്. വിനോദ് താവ്‌ഡെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബിജെപി സ്ഥാനാർഥി രജ്ഞൻ നായിക്കിനുവേണ്ടി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാനുള്ള നീക്കം നടക്കുന്നതായി വഞ്ചിത് ബഹുജൻ അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂറാണ് ആരോപണമുന്നയിച്ചത്. പാൽഘർ ജില്ലയിലെ വസായ് വിരാറിലെ സ്വകാര്യ ഹോട്ടലിൽ രജ്ഞൻ നായിക്കിനൊപ്പമാണ് താവ്‌ഡെയെ പിടികൂടിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന പണം മൻവെൽപാഡയിലെ ഹോട്ടലിൽ നേതാക്കൾക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്ന് പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പ്രതിഷേധിച്ചു. പിന്നീട് പൊലീസ് സാന്നിധ്യത്തിലാണ് താവ്‌ഡെയെ വിട്ടയച്ചത്.
താവ്‌ഡെ താമസിച്ച ഹോട്ടലിലെ ഒരു മുറിയിൽ നിന്ന് 9 ലക്ഷം രൂപ കണ്ടെത്തിയെന്നും എല്ലാ മുറികളും പരിശോധിക്കണമെന്ന് വിബിഎ നേതാവ് ഹിതേന്ദ്ര താക്കൂർ ആവശ്യപ്പെട്ടിരുന്നു. പരസ്യപ്രചാരണം അവസാനിച്ചിട്ടും പുറത്തുനിന്നുള്ള താവ്‌ഡെ എന്തിന് മണ്ഡലത്തിൽ തുടർന്നുവെന്നത് ദുരൂഹമാണെന്ന് വിബിഎ ആരോപിച്ചു. താവ്‌ഡെ താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയതായും വിബിഎ നേതാക്കൾ പരാതിപ്പെട്ടു. എന്നാൽ ബിജെപി പ്രവർത്തകരെ കാണാനാണ് വന്നതെന്നും പണം തന്റേതല്ലെന്നുമായിരുന്നു താവ്‌ഡെയുടെ വിശദീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..