ന്യൂഡൽഹി
വർഗീയതയും വിദ്വേഷവും ആയുധമാക്കി ബിജെപിയും മഹായുതിയും മഹാരാഷ്‌ട്രയിൽ കൊയ്‌തത് വമ്പൻ ജയം. 288 സീറ്റിൽ 234ലും മഹായുതി ജയിച്ചു. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി 50 സീറ്റിൽ ഒതുങ്ങി. ഭരണവിരുദ്ധ വികാരം ബിജെപി സഖ്യത്തെ അലട്ടിയപ്പോൾ ഹരിയാനയ്‌ക്ക് സമാനമായി എല്ലാ കളഞ്ഞുകുളിക്കാൻ കോൺഗ്രസ് മുന്നിൽനിന്നു. ശരദ് പവാറിന്റെ എൻസിപിയും ഉദ്ദവ് താക്കറെയുടെ ശിവസേനയും അടിപതറിയതോടെ മഹാവികാസ് അഘാഡിയുടെ പതനം പൂർത്തിയായി.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ 48ൽ 30 ഇടത്തും പ്രതിപക്ഷസഖ്യം ജയിച്ചതിന്റെ അമിത ആത്മവിശ്വാസം കോൺഗ്രസിനെ ദുരന്തത്തിലേയ്‌ക്ക് നയിച്ചു. മറ്റ് പാർടികളെ തഴഞ്ഞ് കൂടുതൽ സീറ്റിനായി നടത്തിയ കടുംപിടുത്തം സീറ്റ്‌ചർച്ച പലവട്ടം വഴിമുട്ടിച്ചു. അഘാഡി അവഗണിച്ച ചെറുപാർടികൾ പലയിടത്തും വിജയിച്ചു. അഘാഡിയിലെ പാർടികൾ പല മണ്ഡലങ്ങളിലും സൗഹൃദ മത്സരത്തിലേർപ്പെട്ടു.
മറുവശത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം ചൊരിഞ്ഞും സൗജന്യങ്ങൾ വാരിച്ചൊരിഞ്ഞുമാണ് മഹായുതി തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് അടക്കമുള്ളവർ കടുത്ത വർഗീയതയാണ് പ്രചാരണത്തിൽ അഴിച്ചുവിട്ടത്. അജിത് പവാർ, ഏക്‌നാഥ് ഷിൻഡെ എന്നിവരെ സംസ്ഥാന രാഷ്‌ട്രീയത്തിൽ കൂടുതൽ പ്രസക്തരാക്കുന്നത് കൂടിയാണ് ഫലം. ലോക്‌സഭയിൽ തിരിച്ചടിയേറ്റ നിർണായകമായ വിദർഭ മേഖലയിൽ ബിജെപി കൂടുതൽ ശ്രദ്ധിച്ചപ്പോൾ അഘാഡിക്ക് കൃത്യമായ പദ്ധതികളുണ്ടായില്ല.
ബിജെപിയുമായി
ഏറ്റുമുട്ടിയ 75 സീറ്റിൽ 65ലും കോൺഗ്രസ് തോറ്റു
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിലെ ഘടകകക്ഷികളുമായി വിലപേശി കോൺഗ്രസ് പിടിച്ചുവാങ്ങിയത് 102 സീറ്റ്. മത്സരിച്ച 85 ശതമാനം സീറ്റിലും തോറ്റു. ജയം 16 സീറ്റിലൊതുങ്ങി. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവി. മഹാ വികാസ് അഘാഡിക്ക് നേതൃത്വം നൽകിയ കോൺഗ്രസ് ബിജെപിയുടെ വർഗീയരാഷ്ട്രീയത്തെ എതിരിടാനാകാതെ പൂർണമായി തകർന്നടിഞ്ഞതോടെ മറ്റ് ഘടകകക്ഷികളും പ്രകടനത്തിൽ പിന്നോക്കം പോയി. ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടിയ 75 സീറ്റിൽ 65ലും കോൺഗ്രസ് തോറ്റു. യഥാർഥത്തിൽ ബിജെപിക്കെതിരായ കോൺഗ്രസിന്റെ ദുർബലമായ പ്രകടനമാണ് എൻഡിഎ സഖ്യത്തിന് മഹാരാഷ്ട്രയിൽ അനായാസ വിജയം സമ്മാനിച്ചത്.
ജാർഖണ്ഡിൽ ജെഎംഎം മുന്നണി മികച്ച വിജയം നേടിയപ്പോഴും കോൺഗ്രസ് പ്രകടനം ദയനീയം. 30 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാനായത് 16 സീറ്റിൽ മാത്രം. 43 സീറ്റിൽ മത്സരിച്ച ജെഎംഎം 34 സീറ്റിൽ ജയിച്ചപ്പോൾ ആറിൽ നാല് സീറ്റിലും ആർജെഡിയും മൂന്നിൽ രണ്ട് സീറ്റിലും സിപിഐ എംഎൽ ജയിച്ചു. ഈ സ്ഥാനത്താണ് 30ൽ 14 സീറ്റിലും കോൺഗ്രസ് തോറ്റത്. 12 ഇടത്തും എതിരാളി ബിജെപിയായിരുന്നു. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം ജാർഖണ്ഡിൽ ജെഎംഎം മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരായി ജാർഖണ്ഡിലെ ആദിവാസി ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ ജെഎംഎം മുന്നണി മുന്നേറുകയായിരുന്നു.
നാന്ദേഡിൽ
കടന്നുകൂടി
കോൺഗ്രസ്
മഹാരാഷ്‌ട്രയിലെ നാന്ദേഡ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ കഷ്‌ടിച്ച് കടന്നുകൂടി കോൺഗ്രസ്. 1457 വോട്ടിനാണ് സിറ്റിങ് സീറ്റിൽ കോൺഗ്രസിന്റെ രവീന്ദ്ര ചവാൻ ജയിച്ചത്. ബിജെപിയിലെ സന്തുക് റാവു ഹംബാർഡെ ആണ് രണ്ടാമത്. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംപി വസന്ത് ചവാന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് രവീന്ദ്ര ചവാൻ.
മഹാരാഷ്‌ട്ര ഫലം
ഞെട്ടിച്ചെന്ന് കോൺഗ്രസ്
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ്. വൻ ഗൂഢാലോചനയാണ് കോൺഗ്രസിനെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ടുണ്ടായതെന്ന് വക്താക്കളായ ജയ്‌റാം രമേശും പവർ ഖേരയും ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംശയമുണ്ട്. മോദിയുടെ പേരിൽ വോട്ടുചോദിച്ച ബിജെപിയെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതാണ്. നാലുമാസം കൊണ്ട് എങ്ങനെയാണ് ഭരണവിരുദ്ധ തരംഗമില്ലാതാക്കുന്നത്. ഒന്നിലധികം പരാതികൾ നൽകിയിട്ടും കമീഷൻ ഇടപെട്ടില്ല–-നേതാക്കൾ പറഞ്ഞു. അതേസമയം, ഉൾക്കൊള്ളാനാവാത്ത ഫലമാണുണ്ടായതെന്ന് ശിവസേന യുബിടി തലവൻ ഉദ്ദവ് താക്കറെ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..