ന്യൂഡൽഹി
തീവ്രവർഗീയത ആളിക്കത്തിച്ച് മഹാരാഷ്‌ട്രയിൽ ആധിപത്യം ഉറപ്പിച്ച് ബിജെപി മുന്നണിയായ മഹായുതി. മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തി ചെറുത്തുനിൽക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി പരാജയപ്പെട്ടു. 288 നിയമസഭാ സീറ്റിൽ 234 സീറ്റും മഹായുതി നേടി. അഘാഡി 50ൽ ഒതുങ്ങി. മറ്റ് പാർടികൾക്ക് നാലു സീറ്റ്. മഹാരാഷ്‌ട്രയിൽ വർഗീയതയുടെ തേരോടിച്ച ബിജെപി പക്ഷേ ജാർഖണ്ഡിൽ ജെഎംഎം മുന്നണിക്ക് മുന്നിൽ നിലംപരിശായി. 81 അംഗ നിയമസഭയിൽ 56 സീറ്റ് നേടി ജെഎംഎം മുന്നണി ആധികാരികമായി തുടർഭരണം ഉറപ്പിച്ചു. അധികാരത്തിൽ തിരിച്ചെത്താമെന്ന് പ്രതീക്ഷിച്ച ബിജെപി സഖ്യം 24സീറ്റിൽ ഒതുങ്ങി.
മഹാരാഷ്‌ട്രയിൽ മത്സരിച്ച 102 സീറ്റിൽ കോൺഗ്രസ് ജയിച്ചത് 16 ഇടത്ത് മാത്രം. 92 സീറ്റിൽ മത്സരിച്ച ശിവസേന ഉദ്ധവ് വിഭാഗം 20 സീറ്റിലും 86 സീറ്റിൽ മത്സരിച്ച എൻസിപി ശരത് പവാർ വിഭാഗം 10 സീറ്റിലും ഒതുങ്ങി. സമാജ്‌വാദി പാർടി രണ്ട് സീറ്റിലും സിപിഐ എമ്മും വർക്കേഴ്‌സ് ആൻഡ് പെസന്റസ് പാർടിയും ഓരോ സീറ്റിലും ജയിച്ചു. ആറുമാസം മുമ്പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17 ശതമാനം വോട്ടോടെ 13 സീറ്റ് നേടിയ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുശതമാനം 12.38ലേക്ക് ഇടിഞ്ഞു. മഹായുതിയിൽ 142 സീറ്റിൽ മത്സരിച്ച ബിജെപി 132 സീറ്റിൽ ജയിച്ചു. ശിവസേന ഷിൻഡെ വിഭാഗത്തിന് 57 ഉം എൻസിപി അജിത് പവാർ വിഭാഗത്തിന് 41 ഉം സീറ്റ് ലഭിച്ചു.
ജാർഖണ്ഡിൽ ജെഎംഎമ്മിന്റെ മികച്ച പ്രകടനമാണ് വർഗീയത പറഞ്ഞ് ഭരണം പിടിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചത്. 43 സീറ്റിൽ മത്സരിച്ച ജെഎംഎം 34 സീറ്റിൽ ജയിച്ചു. കോൺഗ്രസ് 16 സീറ്റിലും ആർജെഡി നാല് സീറ്റിലും സിപിഐ എംഎൽ രണ്ട് സീറ്റിലും ജയിച്ചു. എൻഡിഎയിൽ ബിജെപി 21 സീറ്റിൽ ഒതുങ്ങി. എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ ഘടകകക്ഷികൾ ഓരോ സീറ്റിൽ ജയിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 48 മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ 28 സീറ്റിൽ ജയിച്ചു. കോൺഗ്രസ്–- 7, ടിഎംസി–- 6, എഎപി–-3, എസ്‌പി–-2, സിപിഐ എം–-1(കേരളം) , ബിടിപി–-1.മഹാരാഷ്‌ട്രയിലെ നന്ദേഡ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രവീന്ദ്ര ചവാൻ 1457 വോട്ടിന് ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..