04 December Wednesday

ലാബില്‍ 
‘വജ്രം’ വികസിപ്പിച്ച്‌ 
മലയാളി സ്റ്റാര്‍ട്ടപ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

സൂറത്ത്> പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തോടെ ലാബിൽ നിർമിച്ച വജ്രാഭരണവുമായി മലയാളി സ്റ്റാർട്ടപ് കമ്പനി. ആഭരണ വ്യവസായത്തിൽ വൻ പരിവർത്തനം വരുത്തിയേക്കാവുന്ന ‘ലാബ് ഗ്രോൺ ഡയമണ്ട്' എന്ന ആശയവുമായാണ് ‘എലിക്‌സർ ജ്വൽസ്’ സ്റ്റാർട്ടപ് തങ്ങളുടെ ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്. ഗ്രീൻ ഡയമണ്ട്, കൾച്ചർഡ് ഡയമണ്ടെന്നും ലാബ് ഗ്രോൺ ഡയമണ്ട് അറിയപ്പെടുന്നു.

യഥാർഥ വജ്രത്തിന്റെ പരിശുദ്ധിയും ഗുണമേന്മയും നിലനിർത്തിയാണ് എലിക്‌സർ തങ്ങളുടെ ലാബിൽ വജ്രാഭരണങ്ങൾ വികസിപ്പിച്ചത്. പ്രകൃതിദത്ത വജ്രത്തേക്കാൾ പത്തിലൊന്ന് വില കുറവാണിതിന്. കാർബൺ വജ്രമാകുന്നതിനുള്ള ഉയർന്ന ചൂടും മർദവും ലാബിൽ ഒരുക്കും. 1500-–-1800 ഡിഗ്രി ചൂട് കാർബണ് നൽകിയാണ്‌ വജ്രമാക്കുന്നത്‌. അഞ്ചുമുതൽ എട്ടാഴ്ചവരെ ഉയർന്ന മർദത്തിലൂടെ കടത്തിവിടും.

ഖനനം ചെയ്ത വജ്രങ്ങളുടെ അതേ ക്രിസ്റ്റൽ ഘടനയും രാസഘടനയുമാണ് ഇതിനുള്ളത്. വജ്രത്തിന്റെ ഗുണമേന്മയ്ക്ക് ഇന്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജിഐഎ) തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് എലിക്‌സറിന് ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിലാണ് എലിക്‌സറിന്റെ ആഭരണ നിർമാണ ലാബ്. സാങ്കേതിക പ്രവർത്തനത്തിനായുള്ള എലിക്‌സറിന്റെ ഓഫീസ് കൊല്ലത്ത് പ്രവർത്തിക്കുന്നു.

കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിലാണ് എലിക്‌സറിന്റെ വജ്രാഭരണം പുറത്തിറക്കിയത്. സംസ്ഥാനത്ത്‌ ഉടൻ വിപണനം ആരംഭിക്കും. പി ആർ സായ്‌രാജ്, മിഥുൻ അജയ്, മുനീർ മുജീബ് എന്നിവരാണ്‌ എലിക്‌സർ സ്റ്റാർട്ടപ്പിനുപിന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top