മുംബൈ > മുന്നറിയിപ്പുകൾ അവഗണിച്ച് കഴിഞ്ഞ ഏഴ് മാസമായി ദക്ഷിണ മുംബൈയിലെ ഒരു ഡയമണ്ട് കമ്പനിയിലെ വനിതാ ജീവനക്കാരിയെ പിന്തുടർന്നയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ശല്യം തുടർന്നപ്പോൾ ഇയാളെ ജനക്കൂട്ടം മർദിക്കുകയും ചെയ്തിരുന്നു.
പാൽഘർ ജില്ലയിലെ നല്ലസോപാര സ്വദേശിയായ വിക്കി രാജേഷ് ഗുപ്ത(34)യാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
സൗത്ത് സെൻട്രൽ മുംബൈയിൽ താമസിക്കുന്ന സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവായ 27 കാരിയാണ് പരാതിക്കാരി. ജനുവരി മുതൽ പ്രതി യുവതിയെ പിന്തുടരുന്നതായാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.
സ്ഥിരമായി ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും പ്രതി യുവതിയെ പിന്തുടർന്നു. യുവതി കയറുന്ന ബസിൽ തന്നെയാണ് ഇയാളും സഞ്ചരിച്ചത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ബസ് ഡിപ്പോയിൽ നിന്ന് സൗത്ത് മുംബൈയിലെ ചാർണി റോഡിലേക്കുള്ള യാത്രക്കിടയിലാണിത്.
ജനുവരിയിൽ ഇയാൾ യുവതിയുടെ കൈയ്യിൽ പിടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്. യുവതി സഹായത്തിനായി നിലവിളിച്ചപ്പോൾ വഴിയാത്രക്കാർ ഗുപ്തയെ പിടികൂടി മർദ്ദിച്ചു.
ജനുവരി 16ന് യുവതി സഞ്ചരിച്ചിരുന്ന ബസിൽ പ്രതി വീണ്ടും കയറി. ഇയാളെ കണ്ട് ഭയന്ന യുവതി തൻ്റെ സഹപ്രവർത്തകരെ ബന്ധപ്പെട്ട് അവരെ ചാർണി റോഡ് ബസ് സ്റ്റോപ്പിലേക്ക് വിളിച്ചു. അവർ പ്രതിയെ പിടികൂടി ഡി ബി മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഇയാൾക്ക് താക്കീത് നൽകി വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുപ്ത വീണ്ടും യുവതിയെ പിന്തുടരാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..