22 November Friday
മണിപ്പുരിൽ വീണ്ടും സംഘർഷം

ആദിവാസിയുവതിയെ 
വെടിവച്ചുകൊന്ന്‌ 
മൃതദേഹം ചുട്ടെരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ഇംഫാൽ
വർഗീയ കലാപത്തിന്‌ അറുതിയില്ലാത്ത മണിപ്പുരിൽ ആദിവാസിയുവതിയെ വെടിവച്ചുകൊന്ന്‌ മൃതദേഹം ചുട്ടെരിച്ചു. ജിരിബാം ജില്ലാ ആസ്ഥാനത്തിന്‌ ഏഴ്‌ കിലോമീറ്റർ അകലെയുള്ള സൈരാണിലാണ്‌ അക്രമിസംഘം അഴിഞ്ഞാടിയത്‌. സൊസാങ്‌കിം മാർ (31) എന്ന ഹൈസ്കൂൾ അധ്യാപികയാണ്‌ ദാരുണമായി കൊല്ലപ്പെട്ടതെന്ന്‌ കുക്കി സംഘടന അറിയിച്ചു. ആക്രമികൾ 17 വീടുകൾക്കും മൂന്ന്‌ കടകൾക്കും തീവച്ചു.

വ്യാഴം രാത്രി ഒമ്പതോടെയാണ്‌ ഗ്രാമത്തിൽ വെടിവയ്‌പ്പുണ്ടായത്‌. സൊസാങ്‌കിമിന്‌ തുടയിൽ വെടിയേറ്റു. ഇവരുടെ ഭർത്താവിനെയും മാതാപിതാക്കളെയും മൂന്ന്‌ കുട്ടികളെയും പോകാനനുവദിച്ച അക്രമികൾ പരിക്കേറ്റ സൊസാങ്‌കിമിനെ വിട്ടുനൽകിയില്ല. ഗ്രാമത്തിൽനിന്ന്‌ ആക്രമികൾ ഒഴിഞ്ഞതോടെ വെള്ളിയാഴ്‌ച പുലർച്ചെ വീടിനുള്ളിൽനിന്നും ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പ്രദേശത്ത്‌ വെടിവയ്പും തീവയ്‌പ്പും നടന്നെന്ന്‌ അറിയിച്ച പൊലീസ്‌ മരണവിവരം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. 2023 മെയിൽ തുടങ്ങിയ കലാപം നിയന്ത്രിക്കാൻ ഇതുവരെ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾക്ക്‌ കഴിഞ്ഞിട്ടില്ല. ഇരുന്നുറ്റമ്പതോളം പേരാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top