ഇംഫാൽ > മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നു. ഇംഫാൽ താഴ്വരയിലെ മുഴുവൻ സ്‌കൂളുകളും രണ്ട് ദിവസം കൂടി അടച്ചിടും. നേരത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെടുത്തത്. ഇന്നലെയും പലയിടത്തും അക്രമങ്ങളും വെടിവയ്പ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇംഫാൽ ഈസ്റ്റിൽ പാടത്ത് ജോലി ചെയ്യുകയായിരുന്ന കർഷകർക്കു നേരെ കുക്കി കുന്നുകളിൽനിന്നും വെടിവയ്പുണ്ടായി. മെയ്തെയ് ഗ്രാമസംരക്ഷണ സേനയും തിരികെ ആക്രമണം നടത്തിയിട്ടുണ്ട്. കർഷകരെ ബിഎസ്എഫ് ജവാന്മാർ എത്തി രക്ഷിച്ചു.
സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ വർഷം മെയ് മുതൽ ഇതുവരെ 258 പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകൾ. സ്ഥിതിഗതികൾ അനുദിനം വഷളായിട്ടും മണിപ്പൂരിന് നേരെ കണ്ണടക്കുകയാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് പ്രതിപക്ഷം പലവട്ടം ആവശ്യപ്പെട്ടിട്ടും നരേന്ദ്ര മോദി അതിന് തയാറായിട്ടില്ല. ഇന്നാരംഭിക്കാനിരിക്കുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തെ മണിപ്പൂർ വിഷയം പ്രക്ഷുബ്ധമാക്കിയേക്കും.
അതിനിടെ ജിരിബാമിൽ കൊല്ലപ്പെട്ട ആറ് പേരിൽ മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. 60 കാരിയായ യുറെംബം റാണി ദേവി, മകൾ ലൈഷ്‌റാം ഹെയ്‌തോംബി ദേവി(25), മൂന്ന് വയസുള്ള ചെറുമകൻ ലൈഷ്‌റാം ചിങ്കീംഗൻബ സിങ് എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. മൂന്ന് പേരും അതിക്രൂരമായാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട മൂന്നുവയസ്സുകാരന്റെ വലതുകണ്ണ് നഷ്ടപ്പെട്ടതായും തലയോട്ടിയിൽ വെടിയുണ്ടയേറ്റതായും റിപ്പോർട്ടിൽ പറയുന്നു. മുറിവുകൾ, നെഞ്ചിലെ ഒടിവുകൾ, കൈത്തണ്ടയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ എന്നിവയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റ് രണ്ട് പേരുടെ ശരീരത്തിലും നിരവധി വെടിയുണ്ടകൾ കണ്ടെടുത്തു. കുട്ടിയുടെ അമ്മയുടെ ദേഹത്ത് നാല് വെടിയുണ്ടകളും മുത്തശ്ശിയുടെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകളും ഏറ്റിട്ടുണ്ട്. രണ്ട് സ്ത്രീകളുടെയും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ, മരണകാരണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല, ഗുവാഹത്തിയിലെ ഡയറക്‌ടറേറ്റ് ഓഫ് ഫോറൻസിക് സയൻസസിൽ നിന്ന് ആന്തരാവയവങ്ങളുടെ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ലഭിക്കുന്നതുവരെ മരണകാരണം കൃത്യമായി പറയാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്.
റാണി ദേവിയുടെ മൂത്തമകൾ ടെലിം ദേവി (31), മകൾ ടെലിം തജ്മാൻബി ദേവി (8), ഹെയ്‌തോംബിയുടെ എട്ട് മാസം പ്രായമുള്ള മകൻ ലൈസ്‌റാം ലങ്കംബ സിങ് എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടിട്ടില്ല. കലാപം വ്യാപിച്ചേക്കും എന്ന കാരണത്താലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതെന്നാണ് വിവരം. കേസ് എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. 7 ദിവസത്തിനകം അറസ്റ്റുണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്നു മെയ്തി സംഘടനകൾ മുന്നറിയിപ്പുനൽകി.
സുരക്ഷാ സേനയും കുക്കി വിഭാഗത്തിലെ 11 പേരും തമ്മിലുള്ള വെടിവയ്പ്പിന് ശേഷമായിരുന്നു മെയ്തി വിഭാഗത്തിലെ ഒരു കുടുംബതത്തിൽപെട്ട ആറ് പേരെ നവംബർ 11ന് ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായത്. സംഭവം നടന്ന ദിവസങ്ങൾക്ക് ശേഷം നവംബർ 16നാണ് മൃതദേഹങ്ങൾ കണ്ടെത്തിത്തിയത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു. നവംബർ 22ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയോടെ ആറുപേരുംടെയും സംസ്കാരം നടത്തിയിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 11 കുക്കി ഗോത്രവിഭാഗക്കാരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ സംസ്കാരം നടത്തില്ലെന്നാണു കുക്കി ഗോത്രസംഘടനകൾ അറിയിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..