ഇംഫാൽ > മണിപ്പൂരിൽ പ്രക്ഷോഭം തുടരുന്നു. ജിബിരാം ജില്ലയിൽ കലാപകാരികൾ തട്ടിക്കൊണ്ടുപോയ ആറ് പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷം രൂക്ഷമായി. ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലികമായി നിരോധിച്ചു.
സംഘർഷ മേഖലയിൽ അസം റൈഫിൾസിനെ വിന്യസിച്ചു. ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ഇന്നലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ മരുമകനും ബിജെപി എംഎൽഎയുമായ ആർ കെ ഇമോയുടെ ഉൾപ്പെടെ മൂന്ന് സംസ്ഥാന മന്ത്രിമാരുടെയും ആറ് നിയമസഭാംഗങ്ങളുടെയും വീടുകൾ പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു.
പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവയ്‌പിനെ തുടർന്നാണ് ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളെയും കാണാതായത്. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ജിരി, ബരാക് നദികളുടെ സമീപത്ത് വെള്ളിയാഴ്ച കണ്ടെത്തി. ഇതിൽ എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയുടെ മൃതദേഹവുമുണ്ടായിരുന്നു. മറ്റ് മൂന്ന് പേരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം കനത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..