22 December Sunday

കലാപത്തിന് അറുതിയില്ല: മണിപ്പുര്‍ എൻഐടിയിൽ 
കുക്കി വിദ്യാർഥികളില്ല

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

വംശീയാക്രമണങ്ങൾക്കെതിരെ ജന്തർ മന്തറിൽ കുക്കി വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം

ന്യൂഡൽഹി> ഒരുവർഷം പിന്നിട്ടിട്ടും മണിപ്പുരിലെ വർഗീയ കലാപത്തിന്‌ അറുതിയില്ലാതായതോടെ സംസ്ഥാനത്തെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനമായ എൻഐടിയിൽ കുക്കി വിഭാഗത്തിൽനിന്നുള്ള ഒരു വിദ്യാർഥിയും പഠിക്കാനില്ലെന്ന്‌ റിപ്പോർട്ട്‌. അണ്ടർ ഗ്രാജുവേറ്റ്‌ (യുജി), പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌(യുജി) കോഴ്‌സുകൾക്ക്‌ ഇവിടെ 819 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ്‌ എൻഐടി വെബ്‌സൈറ്റിലുള്ള വിവരം.

  ഇതിൽ മണിപ്പുർ സ്വദേശികളായ 422 പേരിൽ ഒരാളും കുക്കി വിഭാഗത്തിൽനിന്നല്ല. 2023 മേയിൽ മെയ്‌ത്തി–- കുക്കി സംഘർഷം തുടങ്ങിയശേഷം മണിപ്പുർ എൻഐടിയിൽ രണ്ട്‌ തവണ പ്രവേശനം നടന്നു. ഈ ഘട്ടത്തിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള ആരും അപേക്ഷ നൽകിയില്ലെന്ന്‌ എൻഐടി രജിസ്‌ട്രാർ കുമുക്‌ചംപ്‌ ടോംബാസിങ് അറിയിച്ചു.

സംഘർഷം തുടങ്ങിയതോടെ, മെയ്‌ത്തി ഭൂരിപക്ഷ മേഖലയിലുള്ള എൻഐടിയിൽനിന്ന്‌ കുക്കി വിദ്യാർഥികൾ രക്ഷപെട്ട്‌ പോയിരുന്നു. ‘ ഉടൻ ക്യാംപസിലേക്ക്‌ മടങ്ങാമെന്ന കണക്കുകൂട്ടലിലാണ്‌ ഞങ്ങൾ ഹോസ്‌റ്റൽ വിട്ടത്‌. എന്നാൽ, നാട്ടിൽ വന്നപ്പോൾ ആയിരകണക്കിന്‌ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടു. 
 അതോടെ, കണക്കുകൂട്ടൽ തെറ്റി’–- സുപ്രീംകോടതി ഇടപെടലിനെ തുടർന്ന്‌ നിലവിൽ ഡൽഹി എൻഐടിയിൽ പഠിക്കുന്ന കുക്കി വിഭാഗക്കാരനായ വിദ്യാർഥി പ്രതികരിച്ചു.

മണിപ്പുർ എൻഐടിയിൽ പഠിച്ചിരുന്ന കുക്കി വിഭാഗക്കാരായ 38 വിദ്യാർഥികൾക്ക്‌ സുപ്രീംകോടതി ഉത്തരവുപ്രകാരം രാജ്യത്തെ മറ്റ്‌ എൻഐടികളിൽ പഠിക്കാൻ സൗകര്യമൊരുക്കി.

പ്രതിഷേധം
ഉയര്‍ത്തി കുക്കികള്‍


ഇംഫാൽ

മണിപ്പുരിൽ കുക്കികള്‍ക്ക്  പ്രത്യേക ഭരണപ്ര​ദേശം ആവശ്യപ്പെട്ട് കുക്കി വിഭാ​ഗക്കാര്‍  വിവിധയിടങ്ങളിൽ റാലി നടത്തി. കുക്കി വിദ്യാര്‍ഥികളുടെ നേതൃ-ത്വത്തിൽ ചുരാചന്ദ്പുര്‍, കാങ്പോക്‍പി, മൊറേ എന്നിവിടങ്ങളിലാണ് റാലി നടന്നത്. നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെതിരെ മുദ്രാവാക്യം മുഴക്കി.  കലാപത്തിന് അനുകൂലമായ പരാമര്‍ശം ബിരേൻ സിങ്ങ് നടത്തുന്നതായുള്ള ഓഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ബിരേൻ സിങ്ങിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

ബിജെപി 
വക്താവിന്റെ വീട് വീണ്ടും ആക്രമിച്ചു


അതിനിടെ കുക്കി ആധിപത്യമുള്ള കാങ്‌പോപിയിലെ പ്രതിഷേധം തടയാൻ നാഗാ ആധിപത്യമുള്ള സേനാപതിയിൽ മനുഷ്യച്ചങ്ങലയുണ്ടാക്കിയ സന്നദ്ധപ്രവർത്തകരും തമ്മിൽ ജില്ലാ അതിർത്തിയിൽ സംഘര്‍ഷമുണ്ടായതായും റിപ്പോർട്ടുണ്ട്.
  ചുരാചന്ദ്പുരിലെ റാലിക്കിടെ മണിപ്പുര്‍‌ ബിജെപി വക്താവും ​​ഗോത്രനേതാവുമായ ലാംജതാങ്ങിന്റെ വീട് ആക്രമിച്ചു തിയീട്ടു. മെയ്തി കുക്കി കലാപം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ഈ വീട് ആക്രമിക്കുന്നത്.  2023 മേയിൽ മണിപ്പുരിൽ മെയ്ത്തി കുക്കി വിഭാ​ഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തിൽ 226 പേര്‍ മരിച്ചതായാണ് ഔദ്യോ​ഗിക കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top