22 December Sunday

മണിപ്പൂരിൽ സംഘർഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ഇംഫാൽ > മണിപ്പുരിലെ ജിരിബാമിൽ മെയ്തി വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വീടിന് നേരെ അടക്കം പ്രതിഷേധകാർ ആക്രമണം അഴിച്ചുവിട്ടു. മറ്റു മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ട മെയ്തി വിഭാഗക്കാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ താഴ്‍വരയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ്  നിരോധിച്ചു.

കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്. ഇവരെ കണ്ടെത്താൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ശ്രമം ഉണ്ടായില്ലെന്നാണ് പരാതി. ഏഴോളം എംഎല്‍എമാരുടേയും രണ്ട് മന്ത്രിമാരുടേയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി നേതാക്കളായ ആരോ​ഗ്യമന്ത്രി സപാം രഞ്ജൻ, പൊതുവിതരണ മന്ത്രി സുശിന്ദ്രോ സിങ് എന്നിവരുടെയും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മരുമകൻ ആര്‍ കെ ഇമോ, സ്വതന്ത്ര എംഎൽഎ നിഷികാന്ത സിങ്  അടക്കമുള്ള എംഎൽഎമാരുടെയും വീടുകളിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. വിഷയം മന്ത്രിസഭാ യോ​ഗത്തിൽ ഉന്നയിക്കുമെന്നും നീതി ലഭിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നും ആരോ​ഗ്യമന്ത്രി പ്രതിഷേധക്കാരോട് പറഞ്ഞു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമടങ്ങിയ ബോര്‍ഡുകളും തകര്‍ത്തു. റോഡുകള്‍ ഉപരോധിച്ചും ടയറുകള്‍ കത്തിച്ചും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു. വ്യാപക അക്രമം തുടരവേ അഫ്സ്‍പ പിൻവലിക്കണമെന്ന്‌ ചൂണ്ടികാട്ടി മണിപ്പൂർ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക്‌ കത്തയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top