23 December Monday
റോക്കറ്റ്‌ പതിച്ചത്‌ മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ

മണിപ്പുരിൽ റോക്കറ്റ്‌ ആക്രമണം ; ഒരാള്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024



ഇംഫാൽ
സംഘർഷം തുടരുന്ന മണിപ്പുരിൽ റോക്കറ്റ്‌ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച ബിഷ്‌ണുപുർ ജില്ലയിലെ മൊയ്‌റാങ്‌ നഗരത്തിലാണ് ആക്രമണമുണ്ടായത്‌. പതിമൂന്നുകാരിയടക്കം അഞ്ച്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ആർ കെ റബേയ്‌ സിങ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. അന്തരിച്ച മുൻ മുഖ്യമന്ത്രി മറൻബാം കോയ്‌റങ്ങിന്റെ വസതിയിൽ കുടുംബാംഗങ്ങൾ ഒരുചടങ്ങിനായി ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. വീടിന്റെ ഭിത്തിയിലാണ്‌ റോക്കറ്റ്‌ പതിച്ചത്‌. ഐഎൻഎ മ്യൂസിയത്തിന്‌ നൂറ്‌ മീറ്റർ അകലെ മാത്രമാണിത്‌. മ്യൂസിയമാണ്‌ അക്രമികൾ ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുകളുണ്ട്‌. വെള്ളി പുലർച്ചെ ട്രോങ്‌ലാബിയിലും റോക്കറ്റ്‌ ആക്രമണമുണ്ടായി. ജനവാസകേന്ദ്രമായ ഇവിടെ ആളപായമില്ല.

റോക്കറ്റ്‌, ഡ്രോൺ ആക്രമണഭീഷണിയെത്തുടർന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ ശനിയാഴ്‌ച അവധി പ്രഖ്യാപിച്ചു. അഞ്ചുദിവസമായി  വലിയ തോതിലുള്ള സംഘർഷമാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. ഈ മാസം ഒന്നിന്‌ ഇംഫാൽ വെസ്‌റ്റ്‌ ജില്ലയിൽ കുക്കി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top