ന്യൂഡൽഹി > സംഘർഷം രൂക്ഷമായ മണിപ്പുരിൽ ആഭ്യന്തരയുദ്ധത്തിന് സമാനമായ സ്ഥിതി. ഡ്രോൺ ബോംബും റോക്കറ്റുമുപയോഗിച്ചത് വടക്കുകിഴക്കൻ മേഖലയെയാകെ ആശങ്കയിലാക്കി. ശനിയാഴ്‌ച കുക്കി–- മെയ്‌ത്തി ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. ഒന്നരവർഷമായിട്ടും സംഘർഷം തടയുന്നതിൽ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾ പരാജയപ്പെട്ടതോടെ ജനങ്ങൾ രോഷാകുലരാണ്. തലസ്ഥാനമായ ഇംഫാലില്‍ അടക്കം ശനിയാഴ്ച കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
മുഖ്യമന്ത്രി എൻ ബിരേൻസിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചശേഷം ഗവർണർ എൽ ആചാര്യയുമായി കൂടിക്കാഴ്‌ച നടത്തി. ശനി രാത്രി ഏഴരയോടെയായിരുന്നു കൂടിക്കാഴ്‌ച. അതിനുശേഷം ഗവർണർ സുരക്ഷാ ഉപദേഷ്‌ടാവിനെ രാജ്‌ഭവനിലേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം ബിരേൻസിങ് തള്ളി എന്നാണ് റിപ്പോർട്ട്.
ജിരിബാം രക്തരൂഷിതം
അസം അതിർത്തിയിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണങ്ങളിലാണ് ശനിയാഴ്‌ച ആറ് പേർ കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടന്ന ഒരാളെ പുലർച്ചെ അഞ്ചരയോടെ അക്രമികൾ വെടിവെച്ച് കൊന്നു. നുങ്‌ചപ്പി ഗ്രാമത്തിലെ മെയ്‌ത്തി വിഭാഗക്കാരനായ യുറേബം കുലേന്ദ്രസിംഗയാണ് കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ ആക്രമണങ്ങളിൽ നാല് കുക്കി വിഭാഗക്കാരും ഒരു മെയ്‌ത്തി വിഭാഗക്കാരനും കൊല്ലപ്പെട്ടു. ഗ്രാമസംരക്ഷണ സന്നദ്ധസംഘടനകളിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയർന്നേക്കും. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച ബിഷ്‌ണുപുർ ജില്ലയിൽ മോയിറാംഗ് പട്ടണത്തിൽ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രി, അന്തരിച്ച കൊയ്‌റംഗ് സിങ്ങിന്റെ വസതിയിലേക്ക് മിസൈൽ തൊടുക്കുകയായിരുന്നു. ‘ഡ്രോൺ ബോംബുകൾ’ ആക്രമണത്തിനുപയോഗിച്ചെന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിച്ചു.
ജിരിബാമിലെ സംഘർഷബാധിത മേഖലയിൽ എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ആക്രമിക്കപ്പെട്ടു. പ്രത്യാക്രമണത്തിൽ എതിരാളികളെ നിർവീര്യരാക്കിയെന്ന് പൊലീസ് അവകാശപ്പെട്ടു. ചുരാചന്ദ്‌പുരിൽ സുരക്ഷാ ഉദ്യോഗസ്ഥർ മൂന്ന് ബങ്കറുകൾ തകർത്തു. സൈനിക ഹെലികോപ്‌റ്റർ പട്രോളിങ്ങും ശക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..