21 November Thursday

മണിപ്പുരിൽ ഇന്റർനെറ്റ്‌ നിരോധനം നീട്ടി ; അസം അതിർത്തിയിലും ഭീതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


ന്യൂഡൽഹി
മണിപ്പുരിൽ തുടരുന്ന കലാപം ആഭ്യന്തര യുദ്ധത്തിന്‌ സമാനമായ നിലയിലേക്ക്‌ രൂക്ഷമായതോടെ ഏർപ്പെടുത്തിയ മൊബൈൽ ഇന്റർനെറ്റ്‌ നിരോധനം മൂന്നു ദിവസംകൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിങ്‌, ബിഷ്ണുപുർ, തൗബാൽ, ചുരാചന്ദ്പുർ, കാങ്‌പോപ്പി ജില്ലകളിലെ ഇന്റർനെറ്റ്‌ നിരോധനമാണ്‌  ബിരേൻസിങ്‌ സർക്കാർ നീട്ടിയത്‌. ആശുപത്രികൾ, ഓഫീസുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കായി ബ്രോഡ്‌ബാൻഡ്‌ സേവനങ്ങൾ ഉപാധികളോടെ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ ആക്രമിക്കപ്പെതോടെ ഏർപ്പെടുത്തിയ അനിശ്ചിതകാല കർഫ്യുവിന്‌ ഇളവുനൽകിയിട്ടുണ്ട്‌. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിങ്‌ ജില്ലകളിലാണ്‌ രാവിലെ അഞ്ചുമുതൽ 10 വരെ ഇളവ്‌.

മേഘാലയയിലും 
എൻഡിഎയിൽ വിള്ളൽ
മണിപ്പുരിലെ ബിരേൻസിങ്‌ സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതോടെ മേഘാലയയിൽ തിരിച്ചും പിന്തുണ പിൻവലിക്കുമെന്ന്‌ ബിജെപി നേതാക്കൾ ഭീഷണി മുഴക്കി. മേഘാലയയിലെ കോൺറാഡ്‌ സാങ്‌മയുടെ എൻപിപി സർക്കാരിന്‌ താങ്ങാനാകാത്ത തിരിച്ചടിയുണ്ടാകുമെന്ന്‌ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബെർണാഡ് എൻ മാരക് പ്രതികരിച്ചു. കേന്ദ്രഫണ്ടിന്‌ വേണ്ടി മാത്രമാണ്‌ അവർ എൻഡിഎയിൽ തുടരുന്നതെന്നും ബെർണാഡ് പറഞ്ഞു.
 

അസം അതിർത്തിയിലും ഭീതി
ജിരിബാമിലെ കൂട്ടക്കൊലയെ തുടർന്ന്‌ മണിപ്പുരിൽ കലാപസ്ഥിതി ഗുരുതരമായതോടെ അയൽ സംസ്ഥാനമായ അസമും ഭീതിയിൽ. ജിരിബാമുമായി അതിർത്തി പങ്കിടുന്ന അസമിലെ കച്ചർ ജില്ലയിൽ മെയ്‌ത്തി വിഭാഗത്തിന്റെ പ്രതിഷേധം ശക്തമായി. അതിർത്തി ദിവസങ്ങൾക്കുമുമ്പുതന്നെ അസം അടച്ചെജ്കിലും കനത്ത ജാഗ്രതയിൽ തുടരുകയാണ്‌. വൻ പൊലീസ്‌ സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്‌. വൻ തോതിൽ മെയ്‌ത്തി, കുക്കി , മാർ വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയാണിത്‌. അസം–- മണിപ്പുർ സംസ്ഥാനങ്ങൾ 131 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ജിരിഘട്ട്‌ മേഖലയും പൂർണ്ണമായും അടച്ചു.

വൈകിട്ട്‌ ആറിനുശേഷം ആളുകൾ വീടിന്‌ പുറത്തിറങ്ങരുത്‌, അതിർത്തി കടന്ന്‌ ആരങ്കിലും എത്തിയാൽ പൊലീസിനെ അറിയിക്കണം തുടങ്ങിയ നിർദേശം നൽകിയിട്ടുണ്ട്‌. അതിനിടെ, ജിരിബാമിൽ പ്രക്ഷോഭകനെ വെടിവെച്ചുകൊന്ന സംഭവത്തിൽ സീനിയർ പൊലീസ് സൂപ്രണ്ട് (കോംബാറ്റ്) നെക്‌ടർ സഞ്ജൻബാമിനെ  സസ്‌പെൻഡ്‌ ചെയ്‌തു. മെയ്‌ത്തി പ്രക്ഷോഭം ശക്തമായതിനെ തുടർന്നാണ്‌ നടപടി. ഇയാളുടെ ഇംഫാലിലെ വീട്‌ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top