ഗുവാഹത്തി
മണിപ്പുരിൽ മെയ്‌ത്തീക്കാരനായ കോൺട്രാക്ടറെ കാണാതായതിനെ തുടർന്ന് വീണ്ടും സംഘർഷാവസ്ഥ. കാങ്‌പോക്‌പിയിലെ സൈനികതാവളത്തിൽ ജോലി ചെയ്യുന്ന ലൈഷ്റാം കമൽബാബു സിങ് (56) എന്നയാളെയാണ് കാണാതായത്. ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് ഇദ്ദേഹത്തെ കാണാതായത്. തട്ടിക്കൊണ്ടുപോയതാണെന്ന അഭ്യൂഹം പടർന്നതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രസേനയുടെ സഹായത്തോടെ തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മൂന്ന് അക്രമസംഭവങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)അന്വേഷണം തുടങ്ങി. 11ന് ജിരിബാമിൽനിന്ന് ആറ് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊന്നതടക്കമുള്ള സംഭവങ്ങളിലാണ് അന്വേഷണം. ബൊറോബെക്ര പ്രദേശത്ത് വീടുകൾക്ക് തീയിടുകയും രണ്ടുപേരെ കൊല്ലുകയും ചെയ്തതും തുടർന്നുണ്ടായ അക്രമങ്ങളും അന്വേഷിക്കും. ബൊറോബെക്ര പൊലീസ് സ്‌റ്റേഷനിലേക്കും സിആർപിഎഫ് പോസ്‌റ്റിലേക്കും ഉണ്ടായ ആക്രമണവും തുടർന്നുണ്ടായ വെടിവയ്പും അന്വേഷിക്കും. അക്രമങ്ങളുടെ ആസൂത്രകരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് എൻഐഎ വ്യകതമാക്കി. ബുധനാഴ്ച മണിപ്പുരിലെ സർക്കാർ ഓഫീസുകൾ ഉപരോധിക്കുമെന്ന് മെയ്ത്തി സംഘടനകൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..