22 November Friday

മണിപ്പൂരിൽ ബോംബ് പൊട്ടിത്തെറിച്ച് മുൻ എംഎൽഎയുടെ ഭാര്യ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ഗുവാ​ഹത്തി> മണിപ്പൂരിൽ ബോംബ് പൊട്ടിത്തെറിച്ച് സൈക്കുൾ മുൻ എംഎൽഎ യാംതോങ് ഹോകിപിന്റെ ഭാര്യ  ചാരുബാല ഹോകിപ് (59) കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ യാംതോങിൻറെ വീട്ടിലാണ് സംഭവം.

യാംതോങിന്റെ വീട്ടിലെ പാഴ്വസ്തുക്കൾക്കിടയിലായിരുന്നു സ്ഫോടകവസ്തുക്കൾ വെച്ചിരുന്നത്. ചാരുബാല ഈ പാഴ്വസ്തുക്കൾ കത്തിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് യാംതോങ് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല.

തെങ്നൗപാൽ ജില്ലയിൽ അക്രമകാരികളും ​തദ്ദേശീയരും തമ്മിൽ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ ഒരേ വിഭാഗത്തിലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മോൽനോം പ്രദേശത്തുണ്ടായ അക്രമത്തിൽ യുണൈറ്റഡ് കുകി ലിബറേഷൻ ഫ്രണ്ടിന്റെ (യുകെഎൽഎഫ്) ഒരാളും ​മൂന്ന് ​ഗ്രാമവാസികളുമാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച കൊലപാതകത്തിൽ പ്രതികരിച്ച് ​തദ്ദേശീയർ യുകെഎൽഎഫിന്റെ സ്വയം പ്രഖ്യാപിത ചെയർമാനായ എസ് എസ് ഹോകിപിന്റെ വീടിന് തീയിട്ടു.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. ഹോകിപ് സൈകുൾ മണ്ഡലത്തിൽ നിന്നും കോൺ​ഗ്രസ് ടിക്കറ്റിൽ രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ്. 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ഇയാൾ ബിജെപി യിലേക്ക് മാറി.

കുക്കി, മെയ്തി വിഭാ​ഗങ്ങൾ തമ്മിൽ കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ 200 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് വീടുകൾ നഷ്ടമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top