22 December Sunday
അഭയാർഥികൾക്ക്‌ സഹായധനം നൽകണം: സിപിഐ എം

ജിരിബാമിൽനിന്ന്‌ കാണാതായ ആറുപേരുടെയും മൃതദേഹം കണ്ടെത്തി ; സംഘര്‍ഷം, നിരോധനാജ്ഞ

പ്രത്യേക ലേഖകൻUpdated: Sunday Nov 17, 2024

മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ പ്രതിഷേധക്കാര്‍ റോഡില്‍ ടയറിന് തീയിട്ടപ്പോള്‍


ന്യൂഡൽഹി
മണിപ്പുരിലെ ജിരിബാമിൽനിന്ന്‌ കാണാതായ മെയ്‌ത്തി വിഭാഗക്കാരായ മൂന്ന്‌ സ്‌ത്രീകളുടെയും മൂന്ന്‌ കുട്ടികളുടെയും മൃതദേഹം അയൽ സംസ്ഥാനമായ അസമിൽനിന്ന്‌ പൊലീസ്‌ കണ്ടെടുത്തു. ജിരിബാമിൽ കഴിഞ്ഞ തിങ്കളാഴ്‌ച കുക്കി വിഭാഗത്തിലെ 11 പേർ സിആർപിഎഫ്‌ നടപടിയിൽ കൊല്ലപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഇവരെ കാണാതായത്‌. കുക്കി തീവ്രവാദികൾ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന്‌ ആരോപണം ഉയർന്നിരുന്നു. ആറുപേരും കൊല്ലപ്പെട്ടതോടെ തലസ്ഥാനമായ ഇംഫാൽ പിരിമുറുക്കത്തിലായി. പ്രധാന മാർക്കറ്റിൽ വനിതാ വ്യാപാരികൾ പ്രതിഷേധ മാർച്ച്‌ നടത്തി. കടകൾ അടച്ചിട്ടു. ശനിയാഴ്‌ച സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി നൽകി.

സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റും വിലക്കി.  വെള്ളി വൈകിട്ട്‌ ഒരു സ്‌ത്രീയുടെയും രണ്ട്‌ കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയിരുന്നു. ശനി രാവിലെയാണ്‌ മറ്റ്‌ മൂന്ന്‌ മൃതദേഹം കിട്ടിയത്‌. മണിപ്പുർ സർക്കാർ ജീവനക്കാരനായ ലെയ്‌ഷറാം ഹെറോജിത്തിന്റെ ഭാര്യ, രണ്ട്‌ മക്കൾ, ഭാര്യാമാതാവ്‌, ഭാര്യാസഹോദരി എന്നിവർ കൊല്ലപ്പെട്ടവരിൽപെടുന്നു.  ഗ്രാമത്തിൽനിന്ന്‌ സായുധസംഘം ഇവരെ ബോട്ടിൽ കയറ്റിക്കൊണ്ട്‌ പോകുന്നത്‌ കണ്ടവരുണ്ടെന്ന്‌ ഹെറോജിത്ത്‌ വാർത്താ ഏജൻസിയോട്‌ പറഞ്ഞു.

ഇതിനിടെ, സിആർപിഎഫ്‌ നടപടിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച അസമിലെ സിൽച്ചർ മെഡിക്കൽ കോളേജ്‌ ആശുപത്രി പരിസരത്ത്‌ കുക്കി പ്രക്ഷോഭകർക്കുനേരെ പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തി. മൃതദേഹങ്ങൾ ചുരാചന്ദ്‌പുരിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമം കുക്കികൾ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മൃതദേഹങ്ങൾ മിസോറമിലേയ്‌ക്ക്‌ കൊണ്ടുപോകാനായി വിട്ടുകൊടുക്കണമെന്നതാണ്‌ കുക്കി സംഘടനകളുടെ ആവശ്യം. ഗ്രാമ വളണ്ടിയർമാരെ തീവ്രവാദികളെന്ന്‌ ആരോപിച്ച്‌ കൊലപ്പെടുത്തിയതാണെന്ന്‌ കുക്കികൾ ആരോപിക്കുന്നു. പ്രശ്‌നപരിഹാരത്തിനായി നടത്തിയ ചർച്ചകൾ വിജയിച്ചിട്ടില്ല. അസം പൊലീസ്‌ പ്രദേശത്ത്‌ വിപുലമായ സന്നാഹം ഏർപ്പെടുത്തി.

മന്ത്രിമാരുടെ വീടാക്രമിച്ച്‌ 
പ്രതിഷേധക്കാര്‍
മണിപ്പുരിലെ ജിരിബാമിൽ സം​ഘര്‍ഷത്തിനിടെ കാണാതായ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരുടെ മൃതദേഹവും കണ്ടെത്തിയതോടെ കടുത്ത പ്രതിഷേധവുമായി മെയ്‌ത്തി സംഘടനകള്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു.

  ബിജെപി നേതാക്കളായ ആരോ​ഗ്യമന്ത്രി സപാം രഞ്ജൻ, പൊതുവിതരണ മന്ത്രി സുശിന്ദ്രോ സിങ് എന്നിവരുടെയും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മരുമകൻ ആര്‍ കെ ഇമോ അടക്കമുള്ള എംഎൽഎമാരുടെയും വീടുകളിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. വിഷയം മന്ത്രിസഭാ യോ​ഗത്തിൽ ഉന്നയിക്കുമെന്നും നീതി ലഭിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നും ആരോ​ഗ്യമന്ത്രി പ്രതിഷേധക്കാരോട് പറഞ്ഞു. സ്വതന്ത്ര എംഎൽഎ നിഷികാന്ത സിങ്ങിന്റെ വീടിനുമുന്നിലും പ്രതിഷേധമുണ്ടായി.

അഭയാർഥികൾക്ക്‌ സഹായധനം നൽകണം: സിപിഐ എം
മണിപ്പുരിൽ കലാപത്തെ തുടർന്ന്‌ ആഭ്യന്തര അഭയാർഥികളായ കുടുംബങ്ങൾക്ക്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകണമെന്ന്‌ സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ സാധാരണ നില പുനഃസ്ഥാപിക്കുംവരെ മാസം 20,000 രൂപ വീതം നൽകണമെന്നാണ്‌ പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടത്‌. കർഷകർക്ക്‌ വിളനാശത്തിന്‌ നഷ്ടപരിഹാരം നൽകുക, സൈന്യത്തിന്‌ പ്രത്യേകാധികാരം നൽകുന്ന നിയമം പൂർണമായി പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 

സംഘർഷവും ഭീഷണിയും വകവയ്‌ക്കാതെ 11 വനിതകളടക്കം 52 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഇംഫാലിൽ സീതാറാം യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം പാർടി കേന്ദ്ര സെക്രട്ടറിയറ്റംഗം വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രകമ്മിറ്റിയംഗം സുപ്രകാശ്‌ താലൂക്‌ധർ സംസാരിച്ചു. ക്ഷത്രിമയൂം ശാന്ത റിപ്പോർട്ട്‌ അവതരിപ്പിച്ചു. 101 വയസ്സുള്ള മുതിർന്ന നേതാവ്‌ നിൻതൗജാം ടോംബ പതാക ഉയർത്തി. ക്ഷത്രിമയൂം ശാന്തയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top