22 December Sunday
ബിരേൻ സിങ്ങിന്റെ യോഗം ബഹിഷ്‌കരിച്ച്‌ ബിജെപി 
എംഎൽഎമാർ

കനലണയാതെ മണിപ്പുര്‍ ; യുവാവിനെ 
വെടിവെച്ചുകൊന്ന 
ഉദ്യോഗസ്ഥന്റെ വീടാക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


ന്യൂഡൽഹി
വർഗീയ കലാപം ആഭ്യന്തര യുദ്ധമായി പടർന്ന മണിപ്പുരിൽ ഇരുപത്തിരണ്ടുകാരനെ വെടിവച്ചുകൊന്ന പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീട്‌ ജനക്കൂട്ടം ആക്രമിച്ചു. ജിരിബാമിൽ കെ അത്തൗബയെ വെടിവച്ചുകൊന്ന സീനിയർ പൊലീസ് സൂപ്രണ്ട് (കോംബാറ്റ്) നെക്‌ടർ സഞ്ജൻബാമിന്റെ വീടാണ്‌ ആക്രമിച്ചത്‌.

നെക്‌ടർ വെടിവയ്‌ക്കുന്നത്‌ കണ്ടെന്ന ദൃക്‌സാക്ഷി മൊഴി പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ ആക്രമണമുണ്ടായത്‌.  എസ്‌എസ്‌പിയും സംഘവും അഭയം തേടിയ ജിരിബാമിലെ പിഡബ്ല്യുഡി ഗസ്റ്റ്ഹൗസും പ്രക്ഷോഭകർ വളഞ്ഞു. എസ്‌എസ്‌പിയെ വിട്ടുകിട്ടണമെന്നാണ്‌ ആവശ്യം. കരസേനയിലെ മുൻ കേണലും ഏറ്റുമുട്ടൽ വിദഗ്‌ധനുമായ നെക്‌ടർ സഞ്ജൻബാമിനെ പ്രത്യേക താൽപര്യമെടുത്ത്‌ കഴിഞ്ഞ വർഷമാണ്‌ ബിജെപി സർക്കാർ മണിപ്പുരിൽ എസ്‌എസ്‌പിയായി നിയമിച്ചത്‌.  
അതിനിടെ സിആർപിഎഫ്‌ നടപടിയിൽ 11 കുക്കികൾ കൊല്ലപ്പെട്ടതിൽ കുക്കി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്‌. ചുരാചന്ദ്‌പുരിൽ ഒഴിഞ്ഞ ശവപ്പെട്ടികളുമായി ചൊവ്വാഴ്‌ച പ്രകടനം നടത്തി. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ ലഭിക്കുംവരെ സംസ്‌കാരം നടത്തില്ലന്നും കുക്കികൾ പ്രഖ്യാപിച്ചിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.
 

ബിരേൻ സിങ്ങിന്റെ യോഗം ബഹിഷ്‌കരിച്ച്‌ ബിജെപി 
എംഎൽഎമാർ
മണിപ്പുർ അരക്ഷിതമായി തുടരുന്നതിനിടെ മുഖ്യമന്ത്രി ബീരേൻസിങിന്‌ ബിജെപിക്കാരടക്കം എൻഡിഎ എംഎൽഎമാരുടെയും പിന്തുണ നഷ്‌ടപ്പെട്ടു. ക്രമസമാധാന പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേവല ഭൂരിപക്ഷത്തിന്‌ വേണ്ടത്ര എംഎൽഎമാർ ഉണ്ടായിരുന്നില്ല. 46 എൻഡിഎ അംഗങ്ങളിൽ 26 പേർ മാത്രമാണ്‌ എത്തിയത്‌. 60 അംഗസഭയിൽ 31 ആണ്‌ കേവലഭൂരിപക്ഷം. 32 ബിജെപി എംഎൽഎമാരാണുള്ളത്‌. യോഗത്തിനെത്താത്ത  മന്ത്രിമാരടക്കമുള്ള എംഎൽഎമാർക്ക്‌ മുഖ്യമന്ത്രി കാരണം കാണിക്കൽ നോട്ടീസ്‌ നൽകി. ഏഴുപേർ ബിജെപിക്കാരാണ്‌. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാഷണൽ പീപ്പിൾസ്‌ പാർടി‌(എൻപിപി)യുടെ എംഎൽഎ ഷെയ്ഖ് നൂറുൽ ഹസ്സനും നോട്ടീസുണ്ട്‌. പങ്കെടുത്ത മൂന്ന്‌ എംഎൽഎമാർക്ക്‌ എൻപിപിയും നോട്ടീസ്‌ നൽകി. എംഎൽഎ ജാങ്‌ഹെംലുങ് പൻമേയ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഒപ്പ്‌ വ്യാജമായി ഇട്ടുവെന്നും എൻപിപി ആരോപിച്ചു. നേരത്തെ 17 ബിജെപി എംഎൽഎമാർ ബീരേൻ സിങിനെ മാറ്റണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ കത്ത്‌ നൽകിയിരുന്നു. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതോടെ യുഎൻ ഇടപെടൽ ആവശ്യപ്പെട്ട്‌ മെയ്‌ത്തീ സംഘടനകൾ കത്തെഴുതി.

മനുഷ്യാവകാശ ലംഘനങ്ങൾ അടക്കം അന്വേഷിക്കണമെന്നാണ്‌ യുഎൻ മനുഷ്യാവകാശ ഹൈക്കമീഷണറോട്‌ മെയ്‌ത്തീ കൗൺസിൽ ആവശ്യപ്പെട്ടത്‌. അതിനിടെ മണിപ്പുരിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‌ കോൺഗ്രസ്‌ കത്തുനൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top