ന്യൂഡൽഹി
മണിപ്പുരിൽ ജെഡിയു എംഎൽഎ കെ ജോയ്കിഷൻ സിങ്ങിന്റെ വീടാക്രമിച്ച ജനക്കൂട്ടം കൊള്ളയടിച്ചത് പണമടക്കം ഒന്നരക്കോടിയുടെ വസ്‌തുക്കൾ. നവംബർ 16നാണ് വെസ്റ്റ് ഇംഫാലിലെ തങ്‌മൈബന്ദ് പ്രദേശത്തെ വസതി ജനക്കൂട്ടം കൊള്ളയടിച്ചത്. എംഎൽഎയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. 18 ലക്ഷം രൂപയും വിലപിടിച്ച ആഭരണങ്ങളും മറ്റ് വസ്‌തുക്കളും നഷ്‌ടപ്പെട്ടു. വീട് പൂർണമായും തകർത്തു.
അന്വേഷണം തുടങ്ങിയെങ്കിലും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. ആക്രമണം നടക്കുമ്പോൾ ബന്ധുവിന്റെ ചികിത്സാർഥം എംഎൽഎ ഡൽഹിയിലായിരുന്നു. വസതിക്ക് സമീപമുള്ള സ്‌കൂളിൽ കലാപത്തിൽ ഇരകളാക്കപ്പെട്ടവർക്കായി എംഎൽഎ നടത്തിവരുന്ന ക്യാമ്പിലേക്കുള്ള സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു. തടയാൻ ശ്രമിച്ച വളണ്ടിയർക്ക് മർദനമേറ്റു.
സംഘർഷാവസ്ഥ തുടരുന്നതിനാൽ മണിപ്പുർ ഇംഫാൽ താഴ്‍വരയിലെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് 23 വരെ നീട്ടി. മെയ്ത്തീ വിഭാഗം ആറായിരത്തിലേറെ തോക്കുകൾ കൊള്ലയടിച്ചിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ സംസ്ഥാനവ്യാപകമായി അഫ്സ്പ നിയമം പ്രാബല്യത്തിലാക്കണമെന്നും ബിജെപിയിലെയടക്കം 10 കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
മോദിക്കെതിരെ
മുൻ ഗവര്‍ണര്‍
നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുര്‍ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ബിജെപി നേതാവും മണിപ്പുര്‍ മുന്‍ ഗവര്‍ണറുമായ അനസൂയ ഉയികെ പറഞ്ഞു. മണിപ്പുരിലെ ജനങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ ആവശ്യം തുടര്‍ച്ചയായി ഞാൻ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മോദി സംസ്ഥാനത്ത് എത്താത്ത് എന്നറിയില്ല, അനസൂയ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..