കൊപ്പാൽ(കർണാടക) > ദളിത്‌വേട്ടയ്‌ക്കെതിരെ ഐതിഹാസിക പോരാട്ടം നടന്ന മരക്കുമ്പിയിൽ സിപിഐ എം കൊപ്പാൽ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ചുള്ള പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. മരക്കുമ്പി ഗ്രാമത്തിൽ 2014ൽ നടന്ന നിഷ്‌ഠുര ആക്രമണവും ദോഡ വരേഷിന്റെ വധവും ഒതുക്കിത്തീർക്കാനും കുറ്റവാളികളെ രക്ഷിക്കാനും സവർണർ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയ സമരപോരാളികളെ എം എ ബേബി അഭിനന്ദിച്ചു.
98 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് ചരിത്രപ്രാധാന്യമുള്ള സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനത്തിനെതിരെ സിപിഐ എമ്മിന്റെയും ദളിത് ശോഷൺ മുക്തിമഞ്ചിന്റെയും നേതൃത്വത്തിൽ നടത്തിയ പോരാട്ടമാണ് ഒരു ദശാബ്ദത്തിനുശേഷം നീതിയുടെ വഴിതുറന്നത്.
ഫാസിസ്‌റ്റ് സ്വഭാവമുള്ള പാതയിലൂടെ നീങ്ങുന്ന മോദിസർക്കാരിനെതിരെ വിശാലമായ സമരവേദി ശക്തിപ്പെടുത്തണമെന്ന് എം എ ബേബി പറഞ്ഞു. പാർടിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സ്വതന്ത്ര ശക്തി പലമടങ്ങ് വർധിപ്പിക്കേണ്ടതുണ്ട്. വർഗ–-ബഹുജനസംഘടനകളുടെ സ്വാധീനവും വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി നിരുപാടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി യു ബസവരാജ്, വരലക്ഷ്‌മി, നാഗരാജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..