21 December Saturday

‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ച്‌ ’; സോനം വാങ്ചുക്കിനെ രാജ്യതലസ്ഥാനത്ത്‌ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


ന്യൂഡൽഹി
ലഡാക്കിനെ ഭരണഘടനയുടെ  ആറാം ഷെഡ്യൂളിൽ  ഉൾപ്പെടുത്തുകയെന്ന ആവശ്യം ഉന്നയിച്ച്‌ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡൽഹി ചലോ പദയാത്ര  അതിർത്തിയിൽ തടഞ്ഞ്‌ ഡൽഹി പൊലീസ്‌.

വാങ്‌ചുക് അടക്കം 125 പേരെ തിങ്കൾ വൈകിട്ട്‌ സിംഘു അതിർത്തിയിൽ തടഞ്ഞ്‌ കസ്‌റ്റഡിയിൽ എടുത്തു. ഇവരെ അതിർത്തി പ്രദേശത്തെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്‌. വാങ്‌ചുകും സഹപ്രവർത്തകരും സ്‌റ്റേഷനുകളിൽ നിരാഹാര സമരം ആരംഭിച്ചു. കസ്‌റ്റഡിയിൽ രോഷാകുലരായ ലഡാക്ക്‌ നിവാസികളും ചൊവ്വാഴ്‌ച തെരുവിൽ ഇറങ്ങി.

നേരത്തെ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കേന്ദ്രം വാക്കുമാറി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ലഡാക്കിന്‌ പദവി വാഗ്‌ദാനം ചെയ്‌തിരുന്നതാണ്‌. കാർഗിൽ, ലേ ജില്ലകൾക്ക്‌ പ്രത്യേക ലോക്‌സഭാ സീറ്റുകൾ അനുവദിക്കണമെന്നും ആവശ്യമുണ്ട്‌.  കേന്ദ്രസർക്കാർ  നടപടിയെ പ്രതിപക്ഷം അപലപിച്ചു. ബവാന പൊലീസ്‌ സ്റ്റേഷനിൽ എത്തിയ ഡൽഹി മുഖ്യമന്ത്രി അതിഷിയെ വാങ്‌ചുകുമായി കൂടിക്കാഴ്‌ച നടത്താൻ  അനുവദിച്ചില്ലന്ന്‌ എഎപി ആരോപിച്ചു.  കസ്റ്റഡി ഭീരുത്വമാണെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പൊലീസ്‌ നടപടിയെ അപലപിച്ച സിപിഐ എം, വാങ്‌ചുകിനെയും സഹപ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു. എല്ലാവരെയും ഉടൻ വിട്ടയക്കണമെന്ന്‌ അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top