താനെ > വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ വിവാഹ കഴിച്ച് മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. വിവാഹത്തിന് ശേഷം സ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്ന പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത കേസില്‍ 43കാരൻ ഫിറോസ് നിയാസ് ഷെയ്ക്ക് ആണ് പിടിയിലായത്.
നല സോപാരയില്‍ നിന്നുള്ള ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്ന് വസായ്-വിരാര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ വിവാഹമോചിതരെയും വിധവകളെയുമാണ് ഷെയ്ക്ക് ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു ഇയാള്‍ വിവാഹം കഴിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കല്യാണത്തിന് പിന്നാലെ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളുമായി ഇയാള്‍ കടന്നുകളയുന്നതായിരുന്നു പതിവ് രീതിയെന്നും പൊലീസ് വ്യക്തമാക്കി.
2023 ഒക്ടോബറിനും നവംബറിനുമിടയില്‍ 6.5 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി ഒരു സ്ത്രീ നല്‍കിയ പരാതിയാണ് അന്വേഷണം പ്രതിയിലേക്ക് എത്തിച്ചത്. ഇയാളുടെ കൈയില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല 2015 മുതല്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കൂടുതല്‍ സ്ത്രീകളെ കബളിപ്പിച്ചതായി വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..