ന്യൂഡൽഹി> ഡൽഹിയിൽ പേപ്പർ ഗോഡൗണിൽ തീപിടിത്തം. ഔട്ടർ ഡൽഹിയിലെ അലിപൂർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ ശനിയാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരേ സമയം 35 ലധികം ഫയർ യൂണിറ്റുകളും 200 ഉദ്യോഗസ്ഥരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. സംഭവം ആശങ്കാജനകമാണെന്നും തീപിടിത്തത്തെക്കുറിച്ച് കൂടുതൽ നിരീക്ഷിച്ചു വരികയാണെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി എക്‌സിൽ കുറിച്ചു. ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ ഔദ്യോഗിക സഹായവും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കടലാസും രാസവസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഗോഡൗണിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..