22 November Friday

ഇടപെട്ട് സുപ്രീംകോടതി: ഭിന്നശേഷിയുടെ പേരിൽ എംബിബിഎസ്സിന്‌ അയോഗ്യത കൽപ്പിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ന്യൂഡൽഹി> ഭിന്നശേഷി എംബിബിഎസ്‌ പഠനത്തിന്‌ തടസ്സമാകുന്നില്ലെന്നും അതിന്റെപേരിൽ പ്രവേശനം നിഷേധിക്കരുതെന്നും സുപ്രീംകോടതി. ഭിന്നശേഷി വിലയിരുത്തൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അന്തിമതീരുമാനമെടുക്കേണ്ടതെന്നും ജസ്‌റ്റിസ്‌ ഭൂഷൺ ഗവായ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. അയോഗ്യനാണെന്ന്‌ ബോർഡ്‌ കണ്ടെത്തുകയാണെങ്കിൽ അതിനുള്ള കാരണം രേഖപ്പെടുത്തണം.

അപ്പീൽ നൽകാനുള്ള സാവകാശം നൽകണം. അപ്പീല്‍ നല്‍കാന്‍ ഉന്നതതല സംവിധാനങ്ങൾ രൂപീകരിക്കുന്നതുവരെ കോടതികൾ അവ പരിഗണിക്കണമെന്നും ജസ്‌റ്റിസുമാരായ അരവിന്ദ്‌ കുമാർ, കെ വി വിശ്വനാഥൻ എന്നിവർകുടി ഉൾപ്പെട്ട ബെഞ്ച്‌  നിർദേശിച്ചു. 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ള വ്യക്തിക്ക്‌ മെഡിക്കൽ പഠനം നിഷേധിക്കരുതെന്ന്‌ ഉത്തരവിട്ടാണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

സംസാരിക്കാനും ഭാഷ കൈകാര്യം ചെയ്യാനും വെല്ലുവിളികൾ നേരിടുന്ന മഹാരാഷ്ട്ര സ്വദേശി ഓംകാർ രാമചന്ദ്ര ഗോണ്ട്‌ സമർപ്പിച്ച ഹർജിയാണ്‌ പരിഗണിച്ചത്‌. ദേശീയ മെഡിക്കൽ കമീഷൻ (എൻഎംസി) കുറച്ചുകൂടി ഉദാരമായ നിലപാട്‌ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ശാരീരിക വെല്ലുവിളികൾ അതിജീവിച്ച്‌ പല മേഖലകളിലും വിജയം നേടിയ നർത്തകി സുധാചന്ദ്രൻ, എവറസ്‌റ്റ്‌ കീഴടക്കിയ അരുണിമാ സിൻഹ, കായികതാരം എച്ച്‌ ബോണിഫേസ്‌ പ്രഭു, സംരഭകൻ ശ്രീകാന്ത്‌ ഭൊള്ള, ഡോ. സതേന്ദ്രർ സിങ് തുടങ്ങിയ ഉദാഹരങ്ങൾ വിസ്‌മരിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top