ഭോപ്പാൽ
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ വ്യവസായ എസ്റ്റേറ്റിൽ പ്രവര്‍ത്തിച്ച മയക്കുമരുന്ന് ഫാക്ടറിയിൽ നിന്ന് 1814 കോടിയുടെ നിരോധിത സിന്തറ്റിക് മയക്കുമരുന്നായ മെഫിഡ്രോൺ (എംഡി) പിടികൂടി. വിവിധയിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് 907.09 കിലോഗ്രാം മെഫിഡ്രോൺ ആണ് നാര്‍കോട്ടിക് കൺട്രോള്‍ ബ്യൂറോയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും കണ്ടെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ എംഡി വേട്ടയാണിത്.
റാക്കറ്റിലെ പ്രധാനികളായ അമിത് ചതുർവേദി, സന്യാൽ പ്രകാശ് എന്നിവരെ അറസ്റ്റു ചെയ്തു. ഭോപാലിനടുത്തെ ബഗ്റോഡയിൽ വ്യവസായ എസ്റ്റേറ്റിൽ പ്രവര്‍ത്തിച്ച ഫാക്ടറിയിലാണ് ശനിയാഴ്‌ച റെയ്ഡ് നടത്തിയത്.5000 കിലോ അസംസ്കൃത വസ്തുക്കളും മയക്കുമരുന്ന് നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതിദിനം ഈ ഫാക്ടറിയിൽ 25 കിലോഗ്രാം എംഡിയാണ് ഉത്പാദിപ്പിച്ചിരുന്നത്. സന്യാൽ പ്രകാശ് 2017ൽ എംഡി കേസിൽ അറസ്റ്റിലായിരുന്നു. അഞ്ചു വര്‍ഷം ജയിൽ ശിക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാള്‍ അമിത് ചൗധരിയുമായി ചേര്‍ന്ന് മയക്കുമരുന്ന് നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു.
വ്യവസായ എസ്റ്റേറ്റിൽ ആറുമാസം മുമ്പാണ് ഷെഡ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് നിര്‍മാണം തുടങ്ങിയത്. ഒക്ടോബര്‍ 2ന് ഡൽഹിയിൽ 560 കിലോഗ്രാം കൊക്കൈൻ ഉള്‍പ്പെടെ 5600 കോടിയുടെ മയക്കുമരുന്ന് ഡൽഹി പൊലീസ് പിടികൂടിയിരുന്നു. ഞായറാഴ്ച അമൃത്സറിൽ നിന്ന് പത്തുകോടിയുടെ കൊക്കൈന്‍ പിടികൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..