22 December Sunday

മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024


ന്യൂഡൽഹി
ഇന്ത്യൻ സിനിമാമേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ്‌ ഫാൽകെ അവാർഡ്‌ വിഖ്യാത നടൻ മിഥുൻ ചക്രവർത്തിക്ക്‌. ഒക്ടോബർ എട്ടിന്‌ 70–-ാം ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഏപ്രിലിൽ പത്മഭൂഷൺ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ഫാൽകെ പുരസ്‌കാരം.  2021ൽ  മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നിരുന്നു.

മൃണാൾസെൻ സംവിധാനം ചെയ്‌ത ‘മൃഗയ’(1976) സിനിമയിലൂടെയാണ്‌ അരങ്ങേറ്റം. ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം. ഈ റെക്കോർഡ്‌ ആരും മറികടന്നിട്ടില്ല.  1982ൽ പുറത്തിറങ്ങിയ ‘ഡിസ്‌കോ ഡാൻസർ’ ഇന്ത്യക്ക് അകത്തും പുറത്തും തരംഗമായി.   മുഝേ ഇൻസാഫ്‌ ചാഹിയേ, ഹംസേ ഹേ സമാനാ, പസന്ദ്‌ അപ്‌നി അപ്‌നി, ഘർ ഏക്‌ മന്ദിർ, കസം പൈദാ കർനേ വാലേ കി, കമാൻഡോ, പ്യാർ ഝുക്‌താ നഹീം, അന്ധാബിചാർ, കർമയുദ്ധ്‌ തുടങ്ങിയ സിനിമകൾ തുടർച്ചയായി ഹിറ്റ്‌പട്ടികയിൽ ഇടംപിടിച്ചു.

1989ൽ നായകനായി 19 സിനിമ റിലീസ്‌ ചെയ്‌തതോടെ മിഥുൻ ചക്രവർത്തിയുടെ പേര്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോർഡിലും ഇടംപിടിച്ചു. 1992ൽ തഹാദേർകഥ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ടാംവട്ടം നേടി. 1998ൽ ‘സ്വാമി വിവേകാനന്ദ’യിലൂടെ  മികച്ച സഹനടനുള്ള ദേശീയപുരസ്കാരം നേടി. 1970കളിൽ നക്‌സലൈറ്റ്‌ പ്രസ്ഥാനവുമായി അടുപ്പം പുലർത്തിയിരുന്ന മിഥുൻ 2014ൽ തൃണമൂൽ കോൺഗ്രസ്‌ നാമനിർദേശത്തിൽ രാജ്യസഭാംഗമായി. 2021ൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ ബിജെപിയിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top