ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തായ വ്യവസായി ഗൗതം അദാനിക്കും അനന്തിരവനും എതിരായ കോഴ ആരോപണത്തിൽ സംയുക്ത പാർലമെന്ററിസമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർടികൾ വ്യാഴാഴ്‌ചയും പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ‘അദാനിയും മോദിയും ഒന്ന്, അദാനി സുരക്ഷിതനാണ്’ എന്ന് എഴുതിയ സ്റ്റിക്കർ പതിച്ച വസ്‌ത്രമണിഞ്ഞായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.
അദാനിക്കെതിരായ സ്റ്റിക്കർ വസ്‌ത്രത്തിൽ പതിപ്പിച്ച് പ്രതിപക്ഷ എംപിമാർ എത്തിയത് സ്‌പീക്കർ ഓം ബിർളയെ ചൊടിപ്പിച്ചു. എംപിമാർ സഭയിൽ ഡ്രസ്‌കോഡ് പാലിക്കണമെന്ന് സ്‌പീക്കർ ആവശ്യപ്പെട്ടു. ചട്ടം 349 പ്രകാരം ദേശീയപതാകയുടെ ത്രിവർണനിറമല്ലാതെ മറ്റൊരു ബാഡ്‌ജും പാടില്ലെന്ന് സ്‌പീക്കർ നിർദേശിച്ചു. നടപടി പാർലമെന്ററിവിരുദ്ധമാണെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. അദാനി കോഴവിഷയത്തിൽ പ്രവേശനകവാടത്തിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചതിനെയും സ്‌പീക്കർ വിമർശിച്ചിരുന്നു.
ലോക്‌സഭ സ്‌തംഭിച്ചു
ഇന്ത്യയെ വിഘടിപ്പിക്കാൻ താൽപ്പര്യപ്പെടുന്ന വിദേശശക്തികളുമായി കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന ബിജെപി ആരോപണത്തെ ചൊല്ലിയുള്ള ബഹളത്തിൽ വ്യാഴാഴ്‌ച ലോക്‌സഭാ നടപടികൾ സ്‌തംഭിച്ചു. ശൂന്യവേളയിൽ ബിജെപിയുടെ നിഷികാന്ത് ദൂബെയാണ് കോൺഗ്രസിനെതിരായി ആരോപണമുന്നയിച്ചത്. പെഗാസസ് ഫോൺ ചോർത്തലും മറ്റും പുറത്തുകൊണ്ടുവന്ന ഓർഗനൈസ്‌ഡ് ക്രൈം ആൻഡ് കറപ്‌ഷൻ റിപ്പോർട്ടിങ് (ഒസിസിആർപി) എന്ന മാധ്യമകൂട്ടായ്‌മയ്‌ക്ക് പിന്നിൽ അമേരിക്കയും വ്യവസായി ജോർജ് സോറോസുമാണ്. കോൺഗ്രസിന്റെ സഹായത്തോടെ ഇന്ത്യയിലും ഈ കൂട്ടുകെട്ട് അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ദൂബെ ആരോപിച്ചു.
കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചതോടെ സഭയിൽ ഒച്ചപ്പാടായി. ബിജെപി നുണപറയുകയാണെന്നും പാർലമെന്റ് നടപടികൾ തടസ്സമില്ലാതെ കൊണ്ടുപോകാൻ അവർക്ക് താൽപ്പര്യമില്ലെന്നും കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. ബഹളം തുടർന്നതോടെ സ്‌പീക്കർ ഓം ബിർള രണ്ടുതവണ സഭ നിർത്തി. തുടർന്ന് വെള്ളിയാഴ്‌ച ചേരാനായി പിരിഞ്ഞു. ദുരന്തനിവാരണ ഭേദഗതി ബില്ലും റെയിൽവെ ഭേദഗതി ബില്ലും പരിഗണിക്കാനായി നടപടിക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബഹളമായതിനാൽ രണ്ടും പരിഗണിച്ചില്ല.
ദുരന്തനിവാരണ ബില്ലിൽ സംസാരിക്കുമ്പോൾ കേരളം ആവശ്യപ്പെട്ട വയനാട് പാക്കേജിനോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനം വിശദീകരിക്കാമെന്ന് കഴിഞ്ഞ ദിവസം കേരള എംപിമാർക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയിരുന്നു. വിദേശശക്തികളുമായി കോൺഗ്രസ് ഗൂഢാലോചന നടത്തുന്നുവെന്ന് രാജ്യസഭയിൽ ബിജെപിയിലെ സുധാൻശു ത്രിവേദി ആരോപിച്ചു. ഒച്ചപ്പാടായതോടെ പകൽ 12വരെ സഭ നിർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..