ന്യൂഡൽഹി
രണ്ടാം മോഡി സർക്കാരിന്റെ ആദ്യവർഷത്തില്‍ പ്രകടമാകുന്നത് വർഗീയധ്രുവീകരണം നടപ്പാക്കാൻ കാട്ടിയ വ്യഗ്രത. പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്‌മീരിനെ വെട്ടിമുറിക്കൽ, മുത്തലാഖ് നിരോധനനിയമം, പൗരത്വനിയമ ഭേദഗതി–-എൻപിആർ–- എൻആർസി എന്നിവയ്ക്കാണ് കേന്ദ്രം കൂടുതൽ സമയവും ഊർജവും ചെലവഴിച്ചത്. ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി 26ന് സംഘടിപ്പിക്കുന്ന ആയിരത്തിൽപ്പരം ഓൺലൈൻ സമ്മേളനങ്ങളിലും ഇവയാണ് ഭരണനേട്ടമായി ഉയർത്തിക്കാട്ടുക.
വീണ്ടും അധികാരത്തിൽവന്ന് രണ്ടു മാസം പിന്നിട്ടപ്പോഴാണ്, 2019 ആഗസ്‌ത് അഞ്ചിന് ഭരണഘടനയുടെ 370–-ാം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്‌മീരിനുള്ള പ്രത്യേക പരിരക്ഷ ഇല്ലാതാക്കുകയും ചെയ്‌തത്. ജമ്മു കശ്‌മീർ, ലഡാക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശമായി സംസ്ഥാനത്തെ തരംതാഴ്‌ത്തി. ലഡാക്കിന് സ്വന്തമായി നിയമസഭപോലുമുണ്ടാകില്ല. കശ്‌മീരിൽ ജനജീവിതം അടിച്ചമർത്തി. രാഷ്ട്രീയപാർടികളുടെ പ്രവർത്തനം തടയുകയും മൂന്ന് മുൻ മുഖ്യമന്ത്രിമാർ അടക്കം ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും തടവിലാക്കുകയും ചെയ്‌തു. ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞു. ഡൽഹിയിൽനിന്ന് എത്തിയ പ്രതിപക്ഷ പാർടികളുടെ പ്രതിനിധികളെ കശ്‌മീർ സന്ദർശിക്കാൻ അനുവദിച്ചില്ല. ഒടുവിൽ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് കശ്‌മീരിൽ എത്തി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയുടെ ചികിത്സയ്‌ക്കുള്ള ഏർപ്പാടുകൾ ചെയ്‌തത്.
മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമായി വ്യവസ്ഥചെയ്യുന്ന ബിൽ കൊണ്ടുവന്നത് വർഗീയലക്ഷ്യത്തോടെ. സിവിൽനിയമമായ വിവാഹ കരാർ ലംഘിക്കുന്ന ഇതരമതസ്ഥരെ വിചാരണ ചെയ്യാൻ ക്രിമിനൽ നിയമവ്യവസ്ഥ ഇല്ലെന്നിരിക്കെയാണ് മുസ്ലിംവിരുദ്ധ പ്രചാരണം ലക്ഷ്യമിട്ട് ഈ നിയമനിർമാണം നടത്തിയത്.
പാകിസ്ഥാൻ, -അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ എത്തിയ മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വം നൽകാനുള്ള നിയമം വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ നീക്കമായി. വാജ്‌പേയി സർക്കാരിന്റെ കാലത്ത് പൗരത്വനിയമം ഭേദഗതിചെയ്‌ത് ആവിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) കൂടി ചേരുമ്പോൾ രാജ്യത്ത് പൗരത്വത്തിന്റെ അടിസ്ഥാനം മതമായി മാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..