ന്യൂഡൽഹി
മണിപ്പുരിലെ വംശീയ–-വർഗീയ സംഘർഷം കൂടുതൽ തീവ്രസ്വഭാവത്തിലേക്ക് വഴിമാറുമ്പോൾ വിദേശ രാജ്യങ്ങളിലേക്ക് പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്‌ച മണിപ്പുർ മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കപ്പെട്ടപ്പോഴാണ് അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി മോദി ഡൽഹിയിൽനിന്ന് പറന്നത്. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക.
റഷ്യ–- ഉക്രയ്‌ൻ സംഘർഷത്തിൽപോലും ഇടപെടാൻ വെമ്പുന്ന മോദി മണിപ്പുർ വിഷയത്തിൽ തുടക്കം മുതൽ നിഷ്‌ക്രിയനാണ്. 2023 മെയ് മാസത്തിൽ മണിപ്പുരിൽ സംഘർഷം ആരംഭിച്ചശേഷം ഒരിക്കൽ പോലും ആ സംസ്ഥാനം സന്ദർശിക്കാൻ മോദി കൂട്ടാക്കിയിട്ടില്ല. മണിപ്പുർ സംഘർഷത്തെക്കുറിച്ച് എന്തെങ്കിലും പരാമർശം നടത്തിയത് പോലും ചുരുക്കം ഘട്ടങ്ങളിൽ മാത്രം. അതുതന്നെ പ്രതിപക്ഷ പാർടികൾ വലിയ സമർദ്ദം ചെലുത്തിയശേഷം മാത്രവും.
മണിപ്പുർ സംഘർഷത്തിന് മുഖ്യഉത്തരവാദി മുഖ്യമന്ത്രി ബിരേൻ സിങ്ങാണെന്ന് പ്രതിപക്ഷ പാർടികളും ബിജെപിയുടെതന്നെ കുക്കി എംഎൽഎമാരും തുടക്കം മുതൽ ചൂണ്ടിക്കാട്ടിയിരുന്നു. ബിരേൻ സിങ്ങിന്റെ രാജി കുകി വിഭാഗവും പ്രതിപക്ഷവും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയെ പൂർണമായും സംരക്ഷിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി മോദി സ്വീകരിച്ചത്. മാത്രമല്ല ബിരേൻ സിങ്ങിനെ പലപ്പോഴും പ്രകീർത്തിക്കുകയും ചെയ്‌തു.
മണിപ്പുരിൽ ക്രൈസ്‌തവരെ ലക്ഷ്യമിടുന്ന ആരംബായ് തെങ്കോൽ, മെയ്‌ത്തീ ലിപൂൺ തുടങ്ങിയ സംഘടനകൾക്ക് ബിരേൻ സിങ്ങിന്റെ പിന്തുണയുണ്ട്. കുക്കികൾക്കൊപ്പം ക്രൈസ്‌തവരുടെകൂടി ഉന്മൂലനമെന്ന ലക്ഷ്യം സംഘപരിവാർ ശൈലിയിൽ പ്രവർത്തിക്കുന്ന ഈ രണ്ട് സംഘടനകൾക്കുമുണ്ട്.
ബിജെപിയുടെയും സംഘപരിവാറിന്റെയും സംരക്ഷണം ആരംബായ് തെങ്കോലിനും മെയ്‌ത്തീ ലിപൂണിനുമുണ്ട്. ഈ സംഘടനകളിലൂടെ മെയ്‌ത്തീ വിഭാഗത്തെ പൂർണമായും ഹൈന്ദവവത്‌കരിക്കാനാണ് സംഘപരിവാർ ശ്രമം. മെയ്‌ത്തികളിലെ ക്രൈസ്‌തവ വിശ്വാസികളും പള്ളികളും തുടർച്ചയായി ആക്രമണം നേരിടുന്നത് ഇക്കാരണത്താലാണ്. മോദിയുടെയും ബിജെപിയുടെയും സംഘപരിവാർ രാഷ്ട്രീയമാണ് മണിപ്പുരിനെ അശാന്തമാക്കിയത്. സംഘർഷം തുടരട്ടെയെന്ന മോദിയുടെ സമീപനത്തിന് പിന്നിലും സംഘപരിവാറിന്റെ വർഗീയ അജൻഡയാണ്.
നൈജീരിയയിലെ പ്രളയത്തിൽ ദുഃഖം: മോദി
അബുജ
നൈജീരിയയിൽ അടുത്തിടെയുണ്ടായ പ്രളയക്കെടുതിയില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച നൈജീരിയൻ തലസ്ഥാനം അബുജയിൽ എത്തിയ മോദി പ്രസിഡന്റ് ബോല അഹമ്മദുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. നൈജീരിയയുമായുള്ള നയതന്ത്ര പങ്കാളിത്തത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നെന്നും മോദി പറഞ്ഞു.
മോദിക്കായി പ്രസിഡന്റ് ബോല വിരുന്നുസൽക്കാരം ഏർപ്പെടുത്തി. രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദ ഓണർ ഓഫ് ദി നൈജർ മോദി ഏറ്റുവാങ്ങി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കുള്ള യാത്രാമധ്യേയാണ് മോദി നൈജീരിയയിൽ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..