23 December Monday

പാലും കോഴിക്കാലും അമേരിക്കയിൽനിന്ന്‌; ട്രംപിനെ പ്രീതിപ്പെടുത്താൻ കേന്ദ്രം

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020

ന്യൂഡൽഹി > യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ സന്ദർശനം ഇന്ത്യയിലെ കർഷകരുടെ വയറ്റത്തടിക്കും. അമേരിക്കയിൽനിന്ന്‌ കുറഞ്ഞ നിരക്കിൽ കോഴിക്കാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യും. ട്രംപിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഇന്ത്യൻ ആഭ്യന്തരവിപണി കൂടുതൽ തുറന്നിടാനാണ്‌ കേന്ദ്രസർക്കാരിന്റെ തീരുമാനം. ഈമാസം 24, 25 തീയതികളിലാണ്‌ യുഎസ്‌ പ്രസിഡന്റിന്റെ സന്ദർശനം.

ക്ഷീര–- ഇറച്ചിക്കോഴി മേഖലകളിൽ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ത്തീരുവ കുത്തനെ കുറയ്‌ക്കും. വൈദ്യോപകരണങ്ങളുടെ ഇറക്കുമതിത്തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച്‌ ഇന്ത്യക്ക്‌ നൽകിവന്നിരുന്ന പ്രത്യേക വ്യാപാര പദവി ട്രംപ്‌ സർക്കാർ 2019ൽ പിൻവലിച്ചിരുന്നു. പഴയ ആനുകൂല്യങ്ങളിൽ ചിലതെങ്കിലും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ്‌ മോഡി സർക്കാർ രാജ്യത്തെ കോടിക്കണക്കിന്‌ കർഷകരെ കുരുതി കൊടുക്കുന്നത്‌.

നിലവിൽ 100 ശതമാനമാണ്‌ കോഴിക്കാലുകളുടെ ഇറക്കുമതിത്തീരുവ. ഇത്‌ 25 ശതമാനമാക്കും. ഇതോടെ യുഎസിൽ അത്ര പഥ്യമല്ലാത്ത കോഴിക്കാലുകൾ വലിയതോതിൽ ഇന്ത്യയിലേക്കെത്തും. വെറും അഞ്ച്‌ ശതമാനം മാത്രമാകും പാലുൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ. പാലുൽപ്പാദനത്തിൽ ലോകത്ത്‌ ഒന്നാമതുള്ള ഇന്ത്യയുടെ ആഭ്യന്തര ക്ഷീരമേഖലയ്‌ക്ക്‌ ഇറക്കുമതി വലിയ തിരിച്ചടിയാകും. ഫെബ്രുവരി 24 ന്‌ ഇന്ത്യയിൽ എത്തുന്ന ട്രംപിനെ ഗുജറാത്തിൽ പ്രത്യേകമായി ആദരിക്കും. ഡൽഹിയിൽ വച്ചാണ്‌ വ്യാപാരവിഷയങ്ങളിൽ ചർച്ചയും വിരുന്നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top