22 December Sunday

മോദി എം കെ സ്റ്റാലിനെ മാത‍ൃകയാക്കണം: ​ദയാനിധി മാരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ചെന്നൈ> പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ മാതൃകയാക്കണമെന്നും തനിക്ക് വോട്ട് ചെയ്യാത്ത ആളുകൾക്ക് വേണ്ടിയും പ്രവർത്തിക്കാൻ തയ്യാറാവണമെന്നും ഡിഎംകെ എംപി ദയാനിധി മാരൻ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമായാണ് ബജറ്റിൽ പ്രഖ്യാപനങ്ങളുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് ദയാനിധി മാരന്റെ ആക്രമണം.

“നമ്മുടെ മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്ന് പ്രധാനമന്ത്രി ചില നല്ല ഉപദേശങ്ങൾ സ്വീകരിക്കേണ്ട സമയമായെന്ന് തോന്നുന്നു. എം കെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട് - എനിക്ക് വോട്ട് ചെയ്ത ആളുകൾക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാത്തവർക്ക് വേണ്ടിയും ഞാൻ പ്രവർത്തിക്കും, അത് എൻ്റെ കടമയാണ് എന്ന്. ഇന്ന് പ്രധാനമന്ത്രി തൻ്റെ പാർട്ടിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് വേണ്ടി പോലും പ്രവർത്തിക്കുന്നില്ല, മറിച്ച് തന്നെ പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്,” മാരൻ പറഞ്ഞു.

നേരത്തെ, രണ്ട് സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളെയും ബജറ്റിൽ സർക്കാർ അവഗണിച്ചുവെന്ന് ആരോപിച്ച് ഇന്ത്യ മുന്നണിയിലെ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ബിഹാറിനും ആന്ധ്രയ്‌ക്കും പദ്ധതികൾ വാരിക്കോരിയാണ് നൽകിയത്. ഇരുസംസ്ഥാനങ്ങൾക്കുമായി ഏതാണ്ട്‌ മുക്കാൽ ലക്ഷം കോടി രൂപയുടെ പദ്ധതികൾ ബജറ്റിൽ ഉറപ്പാക്കി. ഇതിന്‌ പുറമെ വിഹിതം കൃത്യമായി പ്രഖ്യാപിക്കാത്ത ഒട്ടനവധി പദ്ധതികളുമുണ്ട്‌. ഈ രണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ മാത്രമായി ഏതാണ്ട്‌ രണ്ടു ലക്ഷം കോടിയോളം രൂപ നടപ്പുവർഷം വിവിധ പദ്ധതികളിലൂടെ ലഭിക്കും. ഇതിന്‌ പുറമെ മൂലധന നിക്ഷേപങ്ങൾക്കായി അധിക ധനസഹായവുമുണ്ടാകും.

ഈ കേന്ദ്ര ബജറ്റ് ബീഹാറിനും ആന്ധ്രാപ്രദേശിനും മാത്രമാണ് ഫണ്ടുകളും പദ്ധതികളും നൽകിയതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമർശവും കണ്ടില്ലെന്നും ഇത് "കുർസി-ബച്ചാവോ" (കസേര സംരക്ഷിക്കൽ) രേഖയാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top