25 December Wednesday

അഞ്ചാം ജയം തേടി തരിഗാമി ; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുപിടിക്കുക പ്രധാന ലക്ഷ്യം

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024


ന്യൂഡൽഹി
കേന്ദ്രത്തിലെ ബിജെപി സർക്കാർ ജമ്മു കശ്‌മീരിനോട്‌ കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞാണ്‌ കശ്മീരിലെ കുൽഗാമിൽ സിപിഐ എം സ്ഥാനാർഥി മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയുടെ പ്രചാരണം. സംസ്ഥാന പദവി തിരിച്ചുപിടിക്കുകയാണ്‌ ഏറ്റവും പ്രധാനമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ തരിഗാമി ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും വിശദീകരിച്ച്‌ തുടർച്ചയായ അഞ്ചാം ജയമാണ്‌ ലക്ഷ്യമിടുന്നത്‌. നാഷണൽ കോൺഫറൻസും കോൺഗ്രസും തരിഗാമിക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സ്വതന്ത്ര സ്ഥാനാർഥി സയർ അഹമ്മദ്‌ റഷിയും പിഡിപിയുടെ മുഹമദ്‌ അമിൻ ധറുമാണ്‌ പ്രധാന എതിരാളികൾ. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ്‌ മുൻ നേതാവ്‌  സയർ അഹമദ്‌ റഷി സ്വതന്ത്രനായി മത്സരിക്കുന്നത്‌. അപ്‌നി പാർടിയുടെ എൻജിനിയർ മുഹമദ്‌ അക്വിബും രംഗത്തുണ്ട്‌.  1996ലാണ്‌ കുൽഗാമിൽ നിന്ന്‌ തരിഗാമി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്‌. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു. 2019ൽ കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ മാസങ്ങളോളം വീട്ടുതടങ്കലിൽ കഴിഞ്ഞു. സുപ്രീംകോടതിയുടെ അനുമതിയോടെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ വീട്ടിലെത്തി കാണുകയും കശ്‌മീരുകാരുടെ ദുരവസ്ഥ കോടതിയെ അറിയിക്കുകയും ചെയ്‌തു. ഡൽഹിയിൽ എത്തിയ തരിഗാമി കശ്‌മീരിന്റെ പ്രത്യേക പദവിയുടെയും സംസ്ഥാന പദവിയുടെയും പുനസ്ഥാപനത്തിനായി ശക്തമായി വാദിച്ചു. ഇത്‌ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

ചെങ്കൊടിയേന്തിയ ബൈക്കുകളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിലാണ്‌ തരിഗാമിയുടെ പ്രചാരണം. ഭീകരരുടെ ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയുണ്ട്‌. കശ്‌മീരിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന കടുത്ത തൊഴിലില്ലായ്‌മയും ആപ്പിൾ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാന പ്രചാരണവിഷയങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top