22 December Sunday

ജീവിതത്തെ ബാധിക്കുന്ന തമാശകൾ പ്രചരിപ്പിക്കരുത്: സാനിയയുമായുള്ള വിവാഹവാർത്തയിൽ പ്രതികരിച്ച് ഷമി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

മുംബൈ > ടെന്നിസ് താരം സാനിയ മിർസയുമായുള്ള വിവാഹ വാർത്ത അഭ്യൂഹങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. സാമൂഹ്യ മാധ്യമങ്ങളിൽ പെരുമാറുമ്പോൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന തമാശകൾ പ്രചരിപ്പിക്കരുതെന്നും ഷമി പ്രതികരിച്ചു. ശുഭാങ്കർ മിശ്രയുമായുള്ള ഇന്റർവ്യൂവിലായിരുന്നു ഷമിയുടെ പ്രതികരണം.

സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കുന്നവർ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണം. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് എല്ലാവരും അവസാനിപ്പിക്കണം. തമാശയ്ക്കായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെ മോശമാണ്. ഇതിൽ ഞാൻ എന്തു ചെയ്യാനാണ്? ഫോൺ തുറന്നാൽ ഞാനും കാണുന്നത് ഇത്തരം മീമുകളാണ്. ഇതെല്ലാം തമാശയ്ക്കായി ചെയ്യുന്നതാവാം. പക്ഷേ, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള തമാശകൾ പ്രചരിപ്പിക്കണോ എന്ന് ഓരോരുത്തരും ചിന്തിക്കണം. ഇത്തരക്കാർ വ്യാജ പേജുകളിലൂടെയാണ് ഇതുപോലുള്ള അനാവശ്യങ്ങൾ പ്രചരിപ്പിക്കുന്നത്- ഷമി പറഞ്ഞു. ഔദ്യോഗികമായ അക്കൗണ്ടുകൾ വഴി ഇക്കാര്യം പറയാനുള്ള ധൈര്യം ആരെങ്കിലും കാണിച്ചാൽ താൻ മറുപടി പറയാമെന്നും ഷമി കൂട്ടിച്ചേർത്തു.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും വിവാഹബന്ധം വേർപെടുത്തിയത്. തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ മുഴുവൻ സാനിയയും ഷമിയും വിവാഹം കഴിക്കാൻ പോവുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. വാർത്തകൾ അതിരുവിട്ടതോടെ സാനിയയുടെ പിതാവ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top